കോഴിക്കോട്: അത്തോളിയില്‍ വിവിധ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. ഉള്ളിയേരി ഒറവിൽ പുതുവയൽ കുനി പി.കെ.ഫായിസിനെ (29)യാണ് പൊലീസ് അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവിയുടെ ഉത്തരവനുസരിച്ചായിരുന്നു കാപ്പ അറസ്റ്റ്. ഇയാളെ ജില്ലയ്ക്കു പുറത്തേക്കു നാടുകടത്തി. പ്രതിക്കെതിരെ നാലിലധികം കേസുകളാണുള്ളത്.
ഉള്ളിയേരിയിലെ തയ്യൽ കടയിലെ വസ്ത്രങ്ങളും തയ്യൽ മെഷീനും പുഴയിൽ എറിഞ്ഞ കേസ്, അയൽവാസിയുടെ വീടിന് തീവച്ച കേസ് എന്നിവയും മോഷണ കേസുകളുമുണ്ട്. വാക്കുതർക്കം കൊണ്ടുണ്ടാവുന്ന വ്യക്തി വിദ്വേഷത്തിന്റെ പേരിലാണ് പല അതിക്രമങ്ങളും കാണിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, എസ്ഐ ആർ.രാജീവൻ, എഎസ്ഐ എം.കെ.സുരേഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്.