കോഴിക്കോട്: കോർപറേഷന്റെ സമ്പൂർണ ഡിജിറ്റിൽ സാക്ഷരതാ പ്രഖ്യാപനം മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. ക്രിയാത്മകമായി ഇന്റർനെറ്റ് ഉപയോഗിക്കാൻ പൗരന്മാരെ സജ്ജരാക്കുകയെന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. ഇന്റർനെറ്റിന്റെ ഗുണപരമായ വശങ്ങളെ പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. പൗരൻമാർക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കുന്നതിൽ രാജ്യത്ത് ഏറ്റക്കുറച്ചിലുകൾ ഉണ്ടായിട്ടുണ്ട്. ഇതിനിടയാക്കാതെ എല്ലാവർക്കും ഇന്റർനെറ്റ് ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നത്. കെ ഫോൺ ഇതിന്റെ ഭാഗമാണെന്നും അദ്ദേഹം പറഞ്ഞു.
ഡിജിറ്റിൽ സാക്ഷരതാ പഠിതാക്കൾക്കും സാക്ഷരതാ പ്രേരക്മാർക്കുമുള്ള സർട്ടിഫിക്കറ്റുകൾ മന്ത്രി വിതരണംചെയ്തു. മേയർ ബീന ഫിലിപ്പ് അധ്യക്ഷയായി. സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ സി രേഖ സ്വാഗതം പറഞ്ഞു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ പി ഷിജിന, പി ദിവാകരൻ, പി സി രാജൻ, പി കെ നാസർ, ഡെപ്യൂട്ടി സെക്രട്ടറി സോമശേഖരൻ എന്നിവർ സംസാരിച്ചു. തുടർ സാക്ഷരതാ കോ ഓർഡിനേറ്റർമാരായ കെ സുരേഷ് കുമാർ, പി പി സാബിറ, പ്രേരക്മാരായ പി കെ ബൈജു, എം കെ നിഷ, എം എം ലത, വി സാവിത്രി, സി വി രാധ, സി ജയലക്ഷ്മി, വി ശോഭന, പി പരിമള എന്നിവരെ ആദരിച്ചു.