കാഞ്ഞങ്ങാട്: കാസർകോട്ടുനിന്നു് കോട്ടയത്തേക്കു പോകുകയായിരുന്ന കെഎസ്ആർടിസി മിന്നൽ ബസ് ആക്രമിച്ചവർ റിമാൻഡിൽ. പയ്യന്നൂർ രാമന്തളി എട്ടിക്കുളത്തെ ഹംസ മുട്ടുവൻ(19), കുന്നുംകൈയിലെ ദീപക് ദിനേശൻ(23), വെസ്റ്റ് എളേരി കോട്ടൂരത്ത് ഹൗസിൽ കെ ആർ പ്രവീൺ(23) എന്നിവരെയാണ് നീലേശ്വരം എസ്‌ഐ കെ വി മധുസൂദനനും സംഘവും അറസ്റ്റുചെയ്തത്. പ്രതികളെ ഹോസ്ദുർഗ് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് (രണ്ട്) കോടതി റിമാൻഡുചെയ്തു. ചൊവ്വ രാത്രി 9.45ന് നീലേശ്വരം മാർക്കറ്റ് ജങ്ഷനിൽവച്ചാണ് ബസ്സിനുനേരെ ആക്രമണമുണ്ടായത്.
കാഞ്ഞങ്ങാട് സൗത്തിൽ കൈകാണിച്ചിട്ട് ബസ് നിർത്തിയില്ലെന്നാരോപിച്ചാണ് ബസ്സിനുകുറുകെ കാർ നിർത്തിയിട്ട് കുപ്പികൊണ്ടും കല്ലുകൊണ്ടും എറിഞ്ഞത്. മിന്നൽ ബസ്സാണെന്നും സ്റ്റോപ്പില്ലാത്തതുകൊണ്ടാണ് നിർത്താതിരുന്നതെന്നും ഡ്രൈവറും കണ്ടക്ടറും ഇവരോട് പറഞ്ഞെങ്കിലും, കൈനീട്ടിയാൽ നിർത്തണമെന്നായിരുന്നു ഇവരുടെ വാദം.