കോട്ടയം: ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ തെളിവ് ശേഖരണം പൂർത്തിയായി. കോളജിലും ഹോസ്റ്റലിലും പൊലീസ് പരിശോധന നടത്തി. പ്രതികളുടെ ഹോസ്റ്റൽ മുറികളിൽ നിന്നു മാരകായുധങ്ങൾ പൊലീസ് കണ്ടെത്തി. കത്തിയും കരിങ്കൽ കഷ്ണങ്ങളും വിദ്യാർഥികളെ ഉപദ്രവിക്കാൻ ഉപയോഗിച്ച കോമ്പസും ഡമ്പലുകളും കണ്ടെത്തി. ഇതിനിടെ, റാഗിങ്ങ് സംഭവത്തിൽ നാല് വിദ്യാർഥികൾ കൂടി കോട്ടയം ഗാന്ധിനഗർ പൊലീസിൽ പരാതി നൽകി.
ഇതുവരെ ഒരു പരാതി മാത്രമാണ് ലഭിച്ചിരുന്നത്. അതിനിടെ സംഭവത്തിൽ ആരോഗ്യ – വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടരുകയാണ്. ജോയന്റ് ഡി.എം.ഇയുടെ നേതൃത്വത്തിലുള്ള സംഘം കോളജിലെത്തി വിവരങ്ങൾ ശേഖരിച്ചു. കഴിഞ്ഞദിവസം ഡി.വൈ.എസ്.പി കെ.ജി. അനീഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോളജിലെത്തിയിരുന്നു.
പരാതിയിലുൾപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. നിലവിൽ അഞ്ച് പ്രതികൾ മാത്രമാണുള്ളത്. കൂടുതൽ പ്രതികളില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. പുറത്തുവന്ന പീഡന ദൃശ്യങ്ങളുടെ പരിശോധനക്ക് സൈബർസെല്ലിന്റെ സഹായം തേടും. പ്രതികളുടെ ഫോൺ ശാസ്ത്രീയ പരിശോധനക്ക് അയച്ചിട്ടുണ്ട്. റിമാൻഡിലുള്ള പ്രതികളെ തൽക്കാലം കസ്റ്റഡിയിൽ വാങ്ങേണ്ടെന്ന നിലപാടിലാണ് പൊലീസ്.
മനുഷ്യാവകാശ കമീഷൻ കേസെടുത്തു
കോട്ടയം: ഗവ. നഴ്സിങ് കോളജ് റാഗിങ് സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലാ പൊലീസ് മേധാവി അന്വേഷണം നടത്തി രണ്ടാഴ്ചക്കകം റിപ്പോർട്ട് നൽകണമെന്ന് കമീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു. ഗവ. നഴ്സിങ് കോളജ് പ്രിൻസിപ്പലും വിശദീകരണം നൽകണം. കോട്ടയത്ത് നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും. വാർത്തയുടെ അടിസ്ഥാനത്തിൽ കമീഷൻ സ്വമേധയാ ആണ് നടപടി സ്വീകരിച്ചത്.