കൊച്ചി: വഴി തടഞ്ഞ് സ്റ്റേജ് കെട്ടിയതിനും നടപ്പാത കയ്യേറിയതിനും ഹൈക്കോടതിയിൽ ഒന്നടങ്കം ഹാജരായി രാഷ്ട്രീയ നേതാക്കൾ. സ്റ്റേജ് കെട്ടാനുള്ള സ്ഥലമല്ല റോഡ് എന്നു വ്യക്തമാക്കിയ കോടതി, പൊലീസിന്റെ മാപ്പപേക്ഷയിലും സത്യവാങ്മൂലത്തിലും അതൃപ്തിയും പ്രകടമാക്കി. കേസ് അടുത്ത മാസം മൂന്നിനു വീണ്ടും പരിഗണിക്കുമ്പോൾ നേതാക്കൾ ഇനി നേരിട്ടു ഹാജരാകേണ്ടതില്ലെന്നും ജസ്റ്റിസുമാരായ അനിൽ കെ.നരേന്ദ്രൻ, എസ്.മുരളീകൃഷ്ണ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി.
വഞ്ചിയൂരില്‍ റോഡ് കൊട്ടിയടച്ച സിപിഎം ഏരിയ സമ്മേളനം, സെക്രട്ടറിയേറ്റിനു മുന്നിൽ സിപിഐയുടെ ജോയിന്റ് കൗൺസിൽ സ്ഥാപിച്ച ഫ്ലക്സ്, കൊച്ചി കോർപറേഷനു മുന്നിലെ കോൺഗ്രസ് സമരം തുടങ്ങിയവ റോഡ്, നടപ്പാത ഗതാഗതം തടസപ്പെടുത്താൻ പാടില്ലെന്ന ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടി എടുത്ത കോടതിയലക്ഷ്യ കേസിലാണ് നേതാക്കള്‍ ഹാജരായത്. ഇന്നു ഹാജരാകേണ്ടിയിരുന്ന സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ഈ മാസം 12ന് ഹാജരാകാൻ നൽകിയ അപേക്ഷ കോടതി അംഗീകരിച്ചിരുന്നു. സിപിഎം നേതാവും മുൻ സ്പീക്കറുമായ എം.വിജയകുമാർ, എംഎൽഎമാരായ കടകംപള്ളി സുരേന്ദ്രൻ, വി.ജോയി, വി.കെ പ്രശാന്ത്, സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ടി.ജെ.വിനോദ് എംഎൽഎ തുടങ്ങിയവരാണ് തിങ്കളാഴ്ച കോടതിയിൽ ഹാജരായത്.
പൊലീസിന്റെ മാപ്പപേക്ഷ കൊണ്ടുമാത്രം കാര്യമില്ലെന്നു കോടതി വ്യക്തമാക്കി. വഞ്ചിയൂരിൽ റോഡ് തടഞ്ഞ് പരിപാടി നടത്തരുതെന്ന് പൊലീസ് പറഞ്ഞിട്ടും കേട്ടില്ലെന്നാണ് റിപ്പോർട്ട്. പൊലീസിന്റെ സത്യവാങ്മൂലം കണ്ടാൽ അവർ ഇതിനൊക്കെ പ്രാപ്തരാണോ എന്നു പോലും തോന്നിപ്പോകും. ബാലരാമപുരത്ത് റോഡ് തടസപ്പെടുത്തി പരിപാടിയെക്കുറിച്ചു ബന്ധപ്പെട്ട ഉദ്യോഗസ്ഥ അറിഞ്ഞിട്ടുപോലുമില്ല. എറണാകുളത്ത് ജനറൽ ആശുപത്രിയിലേക്കു പോകുന്ന വഴിയിലെ നടപ്പാതയാണു തടസപ്പെടുത്തുന്നത് എന്നോർക്കണം. റോഡ്, നടപ്പാത സുരക്ഷകൾ സംബന്ധിച്ച് ഈ കോടതി എത്ര ഉത്തരവുകൾ പുറപ്പെടുവിച്ചു, എത്ര പേർക്കാണ് ജീവൻ നഷ്ടപ്പെടുന്നത് എന്നു കോടതി നിരീക്ഷിച്ചു.
ആരും സമരത്തിന് എതിരല്ലെന്നു പറഞ്ഞ കോടതി, എന്നാൽ റോഡും നടപ്പാതയുമൊന്നുമല്ല അതിനുള്ള സ്ഥലമെന്നും വ്യക്തമാക്കി. ആരും ചെയ്ത കാര്യത്തെ ന്യായീകരിക്കുന്നില്ലെന്നും നിരുപാധികമാണു മാപ്പു പറയുന്നതെന്നും അഡീഷനൽ അഡ്വ. ജനറൽ അറിയിച്ചു. ഭാവിയിൽ ഇത്തരം കാര്യങ്ങളുണ്ടാകാതെ നോക്കുമെന്നും വ്യക്തമാക്കി. തുടർന്നാണ് കോടതിയലക്ഷ്യ കേസ് എടുത്തിട്ടുള്ള ഓരോരുത്തരും പ്രത്യേകം സത്യവാങ്മൂലം സമർപ്പിക്കണെന്നും പൊലീസ് അധിക സത്യവാങ്മൂലവും സമർപ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്. ഇന്നു ഹാജരായവരെ ഇനി നേരിട്ടു ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു.