തിരുവനന്തപുരം; കൊല്ലം മെെനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രിക കാറിടിച്ച് മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. ഒപ്പം സംഭവത്തെ കുറിച്ചുള്ള റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കാൻ കൊല്ലം ജില്ലാ പോലീസ് മേധാവിയോട് കമ്മീഷൻ അംഗം വി കെ ബീനാ കുമാരി ആവശ്യപ്പെടുകയും ചെയ്തു. കാറിൽ ഡോക്ടറുണ്ടായിരുന്നു എന്ന വെളിപ്പെടുത്തൽ അത്ഭുതകരമാണെന്നും അവർ പറഞ്ഞു. സംഭവത്തിൽ കാറോടിച്ച അജ്മലും കൂടെയുണ്ടായിരുന്ന ഡോ. ശ്രീക്കുട്ടിയും പൊലീസ് കസ്റ്റഡിയിലാണ്.
തിരുവോണനാളിൽ വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു നാടിനെ നടുക്കിയ സംഭവം. സ്കൂട്ടർ യാത്രികരായ സ്ത്രീകളെ കാറിടിച്ച് വീഴ്ത്തിയ അജ്മൽ, നിലത്ത് വീണു കിടിന്നിരുന്ന സ്ത്രീയുടെ ദേഹത്തുകൂടി വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്ന് വീഡിയോ ദൃശ്യങ്ങളിൽ കാണാം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കുഞ്ഞുമോൾ (45) ഞായറാഴ്ച രാത്രിയോടെ മരിക്കുകയായിരുന്നു.
കടയിൽ നിന്ന് സാധനങ്ങൾ വാങ്ങി കുഞ്ഞുമോളും കൂടെയുണ്ടായിരുന്ന ഫൗസിയയും തിരികെ പോകുമ്പോഴായിരുന്നു സംഭവം. സ്കുട്ടർ ഓടിച്ചിരുന്ന ഫൗസിയ പരിക്കേറ്റ് ചികിത്സയിലാണ്.
അപകടമുണ്ടായ ശേഷം നാട്ടുകാർ കാർ നിർത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും വണ്ടി നിർത്താതെ പോവുകയായിരുന്നു. വാഹനം മുന്നോട്ടെടുക്കാൻ ഡോക്ടർ നിർദേശിച്ചു എന്ന തരത്തിലുള്ള റിപ്പോർട്ടും പുറത്തു വരുന്നുണ്ട്. അതുകൊണ്ടുതന്നെ കേസിൽ അജ്മലിനാപ്പം ശ്രീക്കുട്ടിയേയും പ്രതി ചേർത്തേക്കാം. ഇരുവരും മദ്യപിച്ചിരുന്നുവെന്ന കാര്യം അജ്മൽ പൊലീസിനോട് പറഞ്ഞിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിനായി രണ്ട് പേരുടേയും രക്തസാമ്പിളുകൾ എടുത്തിട്ടുണ്ട്.