കൊല്ലം: കലക്ടറേറ്റ് സ്ഫോടനക്കേസിലെ വിചാരണ ജില്ല പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ആഗസ്റ്റ് ഏഴുമുതൽ ആരംഭിക്കും. മധുര സ്വദേശികളും ബേസ് മൂവ്മെന്റ് പ്രവർത്തകരുമായ അബ്ബാസ് അലി (32), ദാവൂദ് സുലൈമാൻ (27), കരിം രാജ (27), ഷംസുദ്ദീൻ (28) എന്നിവരാണ് പ്രതികൾ. ആദ്യഘട്ടത്തിൽ 86 സാക്ഷികളെ വിസ്തരിക്കും. 161 രേഖകളും 26 തൊണ്ടിമുതലുകളും ഉൾപ്പെടുത്തിയാണ് കുറ്റപത്രം തയാറാക്കിയത്.
2016 ജൂൺ 15നായിരുന്നു കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്ന തൊഴിൽ വകുപ്പിന്റെ ഉപയോഗശൂന്യമായ ജീപ്പിൽ പ്രതികൾ ബോംബ് വെച്ചത്. സംഭവത്തിന് ഒരാഴ്ച മുമ്പ് കരിംരാജ എത്തി കലക്ടറേറ്റിന്റെയും കോടതിയുടെയും ചിത്രങ്ങളും വിഡിയോകളും പകർത്തിയിരുന്നു. ചിത്രങ്ങളുമായി മധുരയിലെത്തി മറ്റ് നാലുപേരുമായി ചേർന്ന് സ്ഫോടനം ആസൂത്രണം ചെയ്യുകയായിരുന്നു. സ്ഫോടനം നടന്ന ദിവസം രാവിലെ തെങ്കാശിയിൽനിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കരിംരാജ ബോംബുമായി കൊല്ലത്തെത്തി. ഇയാൾ തനിച്ചാണ് ജീപ്പിൽ ബോംബ് വെച്ചതെന്നാണ് പൊലീസ് റിപ്പോർട്ട്. എന്നാൽ കേരള പൊലീസ് വ്യാപക തെരച്ചിൽ നടത്തിയെങ്കിലും പ്രതികളെ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല.
വെല്ലൂർ സ്ഫോടനക്കേസ് അന്വേഷണത്തിനിടെ എൻ.ഐ.എ സംഘം പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സ്ഫോടക വസ്തു ജീപ്പിൽ വെച്ച ശഷം കരിംരാജ തിരികെ ബസ്സ്റ്റാൻഡിലേക്ക് യാത്ര ചെയ്ത ഓട്ടോയുടെ ഡ്രൈവർ, സംഭവത്തിൽ പരിക്കേറ്റവർ, ഈ സമയം കലക്ടറേറ്റ് വളപ്പിലുണ്ടായിരുന്നവർ, അന്വേഷണ ഉദ്യോഗസ്ഥർ തുടങ്ങിയവരാണ് കേസിലെ സാക്ഷികൾ. ആന്ധ്രയിലെ കടപ്പ ജയിലിൽ കഴിയുന്ന പ്രതികളെ വിചാരണ അരംഭിക്കുന്നതിന് മുമ്പ് പ്രത്യേക സുരക്ഷ ഏർപ്പെടുത്തി കേരളത്തിലെ ജയിലിലേക്ക് മാറ്റും.
പ്രതികൾക്കായി സ്വന്തം അഭിഭാഷകൻ കഴിഞ്ഞമാസം കേസ് പരിഗണിച്ചപ്പോൾ കോടതിയിൽ ഹാജരായിരുന്നു. നേരത്തെ അഭിഭാഷകൻ ഇല്ലാതിരുന്നാൽ കോടതി നിർദേശ പ്രകാരം അഡ്വ. നീരാവിൽ എസ്. അനിൽകുമാറിനെയാണ് ലീഗൽ സർവിസസ് അതോറിറ്റി നിയോഗിച്ചിരുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ബി. സേതുനാഥ് ഹാജരാകും.