കൊലയ്ക്ക് കാരണം സംശയരോഗം; കൊല്ലത്ത് ഭാര്യയെ തീ കൊളുത്തി കൊന്ന കേസിലെ എഫ്ഐആര്‍ വിവരങ്ങള്‍ പുറത്ത്

news image
Dec 4, 2024, 3:34 am GMT+0000 payyolionline.in

കൊല്ലം: കൊല്ലം ചെമ്മാംമുക്കിൽ ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തി കൊലപ്പെടുത്തിയ കേസിലെ എഫ്ഐആറിലെ വിവരങ്ങള്‍ പുറത്ത്. കൊലയ്ക്ക് കാരണം ഭര്‍ത്താവിന്‍റെ സംശയരോഗമാണെന്നാണ് എഫ്ഐആറിലുള്ളത്. അനിലയും ബേക്കറി നടത്തിപ്പിൽ പങ്കാളിയായ ഹനീഷും തമ്മിലുള്ള സൗഹൃദം പ്രതി പത്മരാജൻ എതിർത്തിരുന്നുവെന്നും ഇതാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നുമാണ് എഫ്ഐആറിൽ പറയുന്നത്. ഇരുവരും തമ്മിലുള്ള സൗഹൃദത്തിലുള്ള വൈരാഗ്യമാണ് കൊല നടത്തുന്നതിന് കാരണമായതെന്നാണ് ഭര്‍ത്താവ് പത്മരാജൻ പൊലീസിന് നൽകിയ മൊഴി.

അതേസമയം കേസിൽ പിടിയിലായ അനിലയുടെ ഭർത്താവ് പത്മരാജന്‍റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊലപാതക കുറ്റത്തിനൊപ്പം യുവാവിനെ ആക്രമിച്ചതിന് വധശ്രമ കുറ്റവും ചുമത്തും. ഇന്നലെ രാത്രി എട്ടരയോടെയാണ് ബേക്കറി ഉടമയായ അനിലയും ജീവനക്കാരനായ സോണിയും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞ് പെട്രോൾ ഒഴിച്ചത്. ഗുരുതരമായി പൊള്ളലേറ്റ അനില സംഭവ സ്ഥലത്തു തന്നെ മരിച്ചു.

കൈയ്ക്കും കാലിനും പൊള്ളലേറ്റ സോണി ചികിത്സയിൽ തുടരുകയാണ്. അനിലയുടെ സുഹൃത്തായ ഹനീഷിനെയാണ് കാറിൽ പ്രതീക്ഷിച്ചതെന്നും സോണിയെ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് പത്മരാജൻ ഈസ്റ്റ് പൊലീസിന് നൽകിയ മൊഴി. ബേക്കറി നടത്തിപ്പിൽ അനിലയും ഹനീഷും തമ്മിലുണ്ടായ ഇടപാടുകൾ ഉൾപ്പടെയാണ് വൈരാഗ്യത്തിന് കാരണം. ഹനീഷിന്‍റെ മൊഴിയും പൊലീസ് രേഖപ്പെടുത്തും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe