കൊയിലാണ്ടിയിൽ വൈദ്യുതി കണക്ഷൻ കൊടുക്കാൻ 250 രൂപ കൈക്കൂലി ചോദിച്ച് വാങ്ങിയ ഓവർസിയർക്ക് അഞ്ച് വർഷം കഠിന തടവ്

news image
Sep 30, 2024, 2:22 pm GMT+0000 payyolionline.in

കോഴിക്കോട്: കെട്ടിടത്തിന് വൈദ്യുതി കണക്ഷൻ നൽകാൻ 250 രൂപ കൈക്കൂലി വാങ്ങിയ കേസിൽ കെഎസ്ഇബി ഓവ‍ർസിയർക്ക് അഞ്ച് വർഷം കഠിന തടവും 50,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കൊയിലാണ്ടി കെഎസ്ഇബി മേജർ സെക്ഷനിലെ ഓവർസിയറായിരുന്ന കെ രാമചന്ദ്രനെതിരെയാണ് കോഴിക്കോട് വിജിലൻസ് കോടതി ശിക്ഷ വിധിച്ചത്.

2010 ജനുവരി 19ന് നടന്ന സംഭവത്തിലാണ് വിധി. കൊയിലാണ്ടിക്ക് സമീപം ചേലിയ എന്ന സ്ഥലത്തെ ഒരു കെട്ടിട ഉടമയാണ് കേസിലെ പരാതിക്കാരൻ. അദ്ദേഹം പണിപൂർത്തീകരിച്ച കെട്ടിടത്തിൽ വൈദ്യുതി കണക്ഷൻ നൽകാൻ ഓവർസീയർ 25 രൂപ കൈക്കൂലി ചോദിച്ചുവാങ്ങി. ഈ സമയം തന്നെ കോഴിക്കോട് വിജിലൻസ് യൂണിറ്റിലെ അന്നത്തെ ഡിവൈഎസ്പി സുനിൽ ബാബുവും സംഘവും ഓവ‍ർസിയറെ കൈയോടെ പിടികൂടുകയും ചെയ്തു.

കേസിന്റെ വിചാരണയ്ക്കൊടുവിൽ കെ രാമചന്ദ്രൻ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ  കോഴിക്കോട് വിജിലൻസ് കോടതി തിങ്കളാഴ്ച ശിക്ഷ വിധിച്ചു. വിജിലൻസ് ഇൻസ്പെക്ടറായ കെ. മോഹനദാസൻ, ഇ. സുനിൽ കുമാർ, സജേഷ് വാഴാളത്തിൽ എന്നിവരാണ് അന്വേഷണം നടത്തിയത്. ഡിവൈഎസ്പിയായിരുന്ന എ.ജെ ജോർജ്ജാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി വിജിലൻസ് പബ്ലിക് പ്രോസിക്യൂട്ടർ കെ. അരുൺ നാഥ് കോടതിയിൽ ഹാജരായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe