കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ, കോഴിക്കോട് സറീന ട്രസ്റ്റ്, എഡ്യൂടെക് കൊയിലാണ്ടി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ “പ്രചോദക വാർദ്ധക്യം” എന്ന പ്രത്യേക പരിപാടി സംഘടിപ്പിക്കുന്നു. അനുഭവങ്ങളും സംഗീതവും കോർത്തിണക്കുന്ന പരിപാടി 2026 ജൂൺ 7-ാം തീയതി ഞായറാഴ്ച വൈകിട്ട് 3:00 മണിക്ക് കൊയിലാണ്ടി ടൗൺ ഹാളിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വാർദ്ധക്യകാലത്തും സമൂഹത്തിൽ സജീവമായി പ്രവർത്തിച്ച് മാതൃകാപരമായ ജീവിതം നയിക്കുന്ന, കൊയിലാണ്ടി നഗരസഭാ പരിധിയിലെ തിരഞ്ഞെടുത്ത 10 മുതിർന്ന അധ്യാപകരെയാണ് പരിപാടിയിൽ ആദരിക്കുന്നത്. പുതിയ തലമുറയ്ക്ക് പ്രചോദനം നൽകുന്നതിനായി ഇവരുടെ യഥാർത്ഥ ജീവിതാനുഭവങ്ങൾ ചടങ്ങിൽ സമൂഹവുമായി പങ്കുവെക്കും.
പരിപാടിയുടെ ഭാഗമായി ഡോ. പ്രഭാകരൻ പി. എം. അവതരിപ്പിക്കുന്ന “പാഠപുസ്തകങ്ങൾക്കപ്പുറം” എന്ന മോട്ടിവേഷണൽ സെഷൻ ഉണ്ടായിരിക്കും. ഈ സെഷനിൽ അധ്യാപകരുടെ ജീവിതാനുഭവങ്ങൾ യഥാർത്ഥ ഉദാഹരണങ്ങളായി അവതരിപ്പിക്കും. പുതിയ തലമുറയ്ക്ക് നേതൃത്വം, ഉത്തരവാദിത്തം, സംഘാടകശേഷി തുടങ്ങിയ ജീവിതകൗശലങ്ങൾ പകർന്നുനൽകുന്നതിനായി എഡ്യൂടെക് കൊയിലാണ്ടിയിലെ തിരഞ്ഞെടുത്ത വിദ്യാർത്ഥികളെയും ഈ പരിപാടിയുടെ സംഘാടനത്തിൽ സജീവമായി പങ്കാളികളാക്കുന്നുണ്ട്.
ഞായറാഴ്ച വൈകിട്ട് 3:00 മണിക്ക് രജിസ്ട്രേഷനോടെ പരിപാടികൾ ആരംഭിക്കും. തുടർന്ന് 4:15-ന് നടക്കുന്ന ഔദ്യോഗിക സമ്മേളനത്തിൽ സറീന ട്രസ്റ്റ് ചെയർമാൻ പി.പി. സുധാകരൻ അധ്യക്ഷത വഹിക്കും. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ യു.കെ. ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. നഗരസഭ എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ നജീബ് കെ.എം. ആശംസകൾ നേരും.
തുടർന്ന് വൈകിട്ട് 5:00 മണിക്ക് ‘സംഗീതമേ ജീവിതം ഫൗണ്ടേഷൻ’ അവതരിപ്പിക്കുന്ന “സന്ധ്യാതാരകേ…” എന്ന സംഗീത ബോധവൽക്കരണ പരിപാടിയും അരങ്ങേറും. സംഗീതത്തിന്റെ മാധുര്യവും പ്രചോദനാത്മക ചിന്തകളും സമന്വയിക്കുന്ന ഈ സംഗീതസന്ധ്യ പ്രേക്ഷകർക്ക് തികച്ചും വ്യത്യസ്തമായൊരു അനുഭവമായിരിക്കുമെന്ന് സംഘാടകർ വ്യക്തമാക്കി. പരിപാടിയിലേക്ക് പൊതുജനങ്ങളെ ഹൃദയപൂർവ്വം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു. വാർത്താസമ്മേളനത്തിൽ സംഘാടക സമിതി ഭാരവാഹികളായ ഡോ. പി. എം. പ്രഭാകരൻ, എം.ജി. ബൽരാജ്, സി.കെ. ശ്രീത എന്നിവർ പങ്കെടുത്തു.
