കൊടെക്കനാലില്‍ അനധികൃത നിര്‍മ്മാണം; പ്രകാശ് രാജിനും ബോബി സിംഹയ്ക്കുമെതിരെ കര്‍ഷകര്‍‌

news image
Aug 22, 2023, 4:12 pm GMT+0000 payyolionline.in

കൊടെക്കനാല്‍: തമിഴ്നാട്ടിലെ ഹില്‍‌സ്റ്റേഷനായ കൊടെക്കനാലില്‍ കൈയ്യേറ്റം, അനധികൃത നിര്‍മ്മാണം എന്നിവ നടത്തുന്നതായി നടന്മാരായ പ്രകാശ് രാജിനും ബോബി സിംഹയ്ക്കുമെതിരെ ആരോപണം. കൊടെക്കനാലിലെ പ്രദേശിക കര്‍ഷകരുടെ സമ്മേളനത്തിലാണ് ആരോപണം ഉയര്‍ന്നത്.

കർഷകരുടെ പരാതി പരിഹാര യോഗത്തിൽ കൊടൈക്കനാലിലെ വില്ലേജുകളിലും പരിസരങ്ങളിലും അനധികൃത നിർമാണങ്ങൾ നടക്കുന്നുവെന്ന പരാതികൾ ചർച്ചാവിഷയമായിരുന്നു. കൊടൈക്കനാലെ പേത്തുപാറ ഭാഗത്താണ് ഭൂമി കയ്യേറി സർക്കാർ മാനദണ്ഡങ്ങൾ ലംഘിച്ച് പ്രകാശ് രാജ് അനധികൃതമായി ആഡംബര ബംഗ്ലാവിലേക്ക് സിമന്‍റ് റോഡ് ഉണ്ടാക്കിയത് എന്നാണ് ആരോപണം.

പ്രകാശ് രാജ് തന്റെ സ്വകാര്യ ബംഗ്ലാവിനായി ഗ്രാമവാസികൾ ഉപയോഗിച്ചിരുന്ന പൊതുവഴി കൈയേറി റോഡ് നിർമിച്ചതായും യോഗത്തില്‍ ആരോപണം ഉയര്‍ന്നു.പ്രദേശിക കര്‍ഷകര്‍ ഉപയോഗിക്കുന്ന ഈ റോഡില്‍ ജെസിബി ഉപയോഗിച്ച് പണി നടത്തി പൊതുവഴിയല്ലെന്ന ബോർഡ് സ്ഥാപിച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. എന്നാല്‍ പ്രദേശ വാസികള്‍ പ്രതിഷേധിച്ചതോടെ ഈ ബോര്‍ഡ് മാറ്റിയെന്നാണ് ആരോപണം.

കൊടൈക്കനാലിൽ  ജെസിബി പോലുള്ള യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിന് വനം വകുപ്പിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും അനുമതി ആവശ്യമാണ്. എന്നാല്‍ ഇത്തരം അനുമതികള്‍ ഇല്ലാതെയാണ് പ്രകാശ് രാജിന്‍റെ വസ്തുവില്‍ കഴിഞ്ഞ 25 ദിവസമായി പണി നടന്നത് എന്നാണ് കര്‍ഷകര്‍ പറയുന്നത്.

ഇതിന് പുറമേ നടൻ ബോബി സിംഹ സർക്കാർ ഭൂമി കയ്യേറി  മൂന്ന് നില ആഡംബര ബംഗ്ലാവ് നിർമ്മിക്കുന്നുവെന്നും ആരോപണമുണ്ട്. ഇത്തരമൊരു നിർമാണത്തിന് വനംവകുപ്പ് അനുമതി നൽകിയതെങ്ങനെയെന്ന ചോദ്യമുയർത്തി പ്രദേശവാസികൾ യോഗത്തില്‍ രോഷം പ്രകടിപ്പിച്ചുവെന്നും ചില തമിഴ് ചാനലുകളുടെ റിപ്പോര്‍ട്ട് പറയുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe