കൊച്ചിയിൽ 15കാരന്റെ ആത്മഹത്യ: സ്കൂൾ അധികൃതർക്കെതിരെ കുടുംബത്തിന്റെ രൂക്ഷമായ ആരോപണം

news image
Feb 1, 2025, 10:11 am GMT+0000 payyolionline.in

കൊച്ചി: കൊച്ചിയില്‍ പതിനഞ്ചു വയസുകാരന്‍ ഫ്ളാറ്റിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ സ്കൂള്‍ അധികൃതര്‍ക്കെതിരെ രൂക്ഷമായ ആരോപണം ഉയര്‍ത്തി കുട്ടിയുടെ കുടുംബം. മരിച്ച മിഹിര്‍ മുഹമ്മദ് കടുത്ത ശാരീരിക പീഡനത്തിനും വര്‍ണ വിവേചനത്തിനും ഇരയായെന്നാണ് കുട്ടിയുടെ അമ്മാവന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തിയത്. എന്നാല്‍ റാഗിങ് ആരോപണം സാധൂകരിക്കുന്ന ഒരു തെളിവും കിട്ടിയിട്ടില്ലെന്നാണ് കൊച്ചിയിലെ ഗ്ലോബല്‍ പബ്ലിക് സ്കൂളിന്‍റെ വിശദീകരണം.

 

നിറത്തിന്‍റെ പേരില്‍ നീഗ്രോ എന്ന വിളി. സ്കൂളിന്‍റെ ശുചിമുറിയില്‍ വച്ച് സീനിയര്‍ വിദ്യാര്‍ഥികളുടെ മര്‍ദനം- അങ്ങനെ നിരന്തര മാനസിക ശാരീരിക പീഡനം ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ മിഹിര്‍ മുഹമ്മദ് നേരിട്ടിരുന്നെന്ന ഗൗരവമുളള ആരോപണമാണ് കുട്ടിയുടെ കുടുംബം ഉന്നയിക്കുന്നത്.

കുട്ടി നേരത്തെ പഠിച്ച ജെംസ് സ്കൂളില്‍ നിന്നും മാനസിക പീഡനം നേരിട്ടിരുന്നെന്ന് കുടുംബം ആരോപിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഉള്‍പ്പെടെയുളളവരില്‍ നിന്നേറ്റ മാനസിക പീഡനത്തെ തുടര്‍ന്നാണ് സ്കൂള്‍ മാറി കുട്ടിയെ ഗ്ലോബല്‍ പബ്ലിക് സ്കൂളില്‍ എത്തിച്ചത്. എന്നാല്‍ അവിടെയും നേരിടേണ്ടി വന്ന പീഡനമാണ് കുട്ടിയുടെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കുടുംബം കരുതുന്നു.

മരണ ശേഷം കുട്ടിയുടെ അടുത്ത സുഹൃത്തുക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങളും സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പില്‍ നടന്ന ചില ചര്‍ച്ചകളുടെ സ്ക്രീന്‍ ഷോട്ടും ചേര്‍ത്താണ് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം സ്കൂള്‍ അധികൃതരില്‍ നിന്നും ചില വിദ്യാര്‍ഥികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. വീട്ടില്‍ കുട്ടി ഏതെങ്കിലും പ്രശ്നങ്ങള്‍ നേരിട്ടിരുന്നോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. ജനുവരി പതിനഞ്ചിനാണ് തൃപ്പൂണിത്തുറയിലെ ഇരുപത്തി മൂന്നു നില ഫ്ളാറ്റിന് മുകളില്‍ നിന്ന് മിഹിര്‍ മുഹമ്മദ് എന്ന പതിനഞ്ചുകാരന്‍ ചാടി മരിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe