കൊച്ചി: കൊച്ചിയിലും ആമയിഴഞ്ചാൻ ദുരന്തം സൃഷ്ടിക്കാൻ റെയിൽവേ. സ്വന്തം അധീനതയിലുള്ള കൽവർട്ടുകൾ ശുചിയാക്കാൻ റെയിൽവേ തയ്യാറാകാത്തതാണ് നഗരത്തിനും നഗരവാസികൾക്കും ഭീഷണിയാകുന്നത്. ചെറുതും വലുതുമായ മുപ്പതിലധികം കൽവർട്ടുകളാണ് കോർപറേഷൻ പരിധിയിൽ റെയിൽവേയുടേതായുള്ളത്. വിവിധ തോടുകളുമായി ബന്ധമുള്ളതാണിത്.
മാലിന്യം മഴക്കാലത്തിനുമുമ്പേ ശുചിയാക്കേണ്ട ചുമതല റെയിൽവേയ്ക്കാണ്. എന്നാൽ, ഇതിന് തയ്യാറാകുന്നില്ല. കെഎസ്‌ആർടിസി ബസ് സ്റ്റാൻഡിനുസമീപം മുല്ലശേരി കനാലിലേതടക്കമുള്ള കൽവർട്ടുകളുടെ സ്ഥിതി ദയനീയമാണ്. വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് കോർപറേഷൻ പലവട്ടം കത്ത് നൽകിയിട്ടും മുഖംതിരിക്കുകയാണ് റെയിൽവേ. കോടതിയോ ഉന്നത അധികാരകേന്ദ്രങ്ങളോ ഇടപെട്ടാലേ അനങ്ങൂവെന്ന നിലപാടാണ് സ്വീകരിക്കുന്നത്. അടുത്തിടെ കലക്ടർ എൻ എസ് കെ ഉമേഷ് വിളിച്ച യോഗത്തിലും ഇതുമായി ബന്ധപ്പെട്ട് ചോദ്യമുയർന്നപ്പോൾ ശുചിയാക്കാമെന്ന പതിവുപല്ലവിയായിരുന്നു മറുപടി. എന്നാൽ, ഇതുവരെ ചെയ്‌തത് കലാഭവൻ റോഡ് അവസാനിക്കുന്ന കൽവർട്ടിന്റെമാത്രം പ്രവൃത്തിയാണ്.
ഭൂരിഭാഗം കൽവർട്ടിനകത്തും ചെളിയും മണ്ണും മാലിന്യവും കെട്ടിക്കിടക്കുകയാണ്. ഇതിനാൽ വെള്ളത്തിന്റെ സുഗമമായ ഒഴുക്ക് സാധ്യമല്ല. ഇത് സമീപസ്ഥലങ്ങളിൽ വെള്ളക്കെട്ടിനും ഇടയാക്കുന്നു. നിർമാണത്തിലെ അശാസ്‌ത്രീയതയും അപാകവും വില്ലനാണ്. തോടിന്റെ വീതിയേക്കാൾ വളരെ കുറവാണ് കൽവർട്ടിന്. ഇതും ഒഴുക്കിന് പ്രതിബന്ധമാകുന്നു. ഇതിനുപുറമെ അനിയന്ത്രിതമായി വെള്ളമെത്തുന്നത് കണക്കിലെടുത്ത് ആവശ്യമായ ഇടംകൂടി ഉൾപ്പെടുത്തിയാകണം കൽവർട്ടുകൾ നിർമിക്കേണ്ടത്. എന്നാൽ, ഇതൊന്നും പാലിച്ചല്ല റെയിൽവേയുടെ നിർമാണം.
റെയിൽവേ അനാസ്ഥ തുടർന്നപ്പോൾ സഹികെട്ട് കഴിഞ്ഞതവണ കോർപറേഷൻ രംഗത്തിറങ്ങി അവരിൽനിന്ന് നിരാക്ഷേപ പത്രം വാങ്ങി മുഴുവൻ കൽവർട്ടും ശുചിയാക്കി. വർഷങ്ങൾ പഴക്കമുള്ള മാലിന്യമാണ് അന്ന് നീക്കിയത്. ഇക്കുറി തങ്ങൾതന്നെ നീക്കുമെന്ന് കലക്ടറെ ഉൾപ്പെടെ റെയിൽവേ അറിയിച്ചു. എന്നാൽ, മഴ ശക്തിയാർജിച്ചിട്ടും നിസ്സംഗത തുടരുകയാണ്.