കൽപ്പറ്റ: ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ കേന്ദ്ര ജിഎസ്‌ടി സൂപ്രണ്ട് വിജിലൻസ് പിടിയിൽ. വയനാട് കൽപ്പറ്റ സിജിഎസ്‌ടി സൂപ്രണ്ട് പർവീന്തർ സിങിനെയാണ് വിജിലൻസ് അറസ്റ്റ് ചെയ്തത്. കരാറുകാരന്റെ പരാതിയിലാണ് നടപടി. ഒമ്പത് ലക്ഷം രൂപയുടെ നികുതി അടയ്ക്കാനുണ്ടെന്നും മൂന്ന് ലക്ഷം രൂപ തന്നാൽ നികുതിയിൽ നിന്ന് ഒഴിവാക്കാമെന്നും പറഞ്ഞാണ് പർവീന്തർ സിങ് കരാറുകാരനെ സമീപിച്ചത്.
തുടർന്ന് ഒരു ലക്ഷം രൂപതരാമെന്ന് ഏറ്റ കരാറുകാരൻ സ്റ്റേഷനിൽ വന്ന് പരാതി എഴുതി നൽകുകയായിരുന്നു. കരാറുകാരന്റെ പക്കൽ നിന്ന് പണം പർവീന്തർ സിങ് കൈപ്പറ്റിയതിന് പിന്നാലെ ഇയാളെ വിജിലൻസ് അറസ്റ്റ് ചെയ്തു. ഇതാദ്യമായാണ് കേന്ദ്ര സർക്കാർ ജീവനക്കാരനെ വിജിലൻസ് കൈക്കൂലി കേസിൽ അറസ്റ്റ് ചെയ്യുന്നത്.