കോട്ടയം: 7,000 രൂപ കൈക്കൂലി വാങ്ങവേ ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിൽ. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ എസ്.എൽ സുമേഷാണ് ഇന്ന് പിടിയിലായത്. കോട്ടയം ജില്ലയിലെ സ്വകാര്യ എയ്‌ഡഡ് സ്കൂളിൽ സ്ഥാപിച്ചിട്ടുള്ള ലിഫ്റ്റിന്റെ വാർഷിക പരിശോധനക്കായി കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ സുമേഷ് ഇക്കഴിഞ്ഞ ശനിയാഴ്ച ഉച്ചക്ക് 12 ഓടെ സ്കൂളിലെത്തി. പരിശോധനക്ക് ശേഷം 10,000 രൂപ കൈക്കൂലി സ്കൂൾ മാനേജറോട് ആവശ്യപ്പെട്ടു.
സ്കൂൾ അധികാരികളോട് ചോദിക്കാതെ നൽകാൻ സാധിക്കില്ലായെന്നി അറിച്ചപ്പോൾ ഫോൺ ചെയ്ത് വിവരം അറിയിക്കാൻ ആവശ്യപ്പെട്ടു. തുടർന്ന് ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടറായ സുമേഷിനെ ഫോണിൽ വിളിച്ചപ്പോൾ അന്നേ ദിവസം വൈകീട്ട് കോട്ടയം റയിൽവേ സ്റ്റേഷന് സമീപം വച്ച് കൈക്കൂലി നൽകണമെന്ന് പറഞ്ഞു. പരാതിക്കാരൻ അസൗകര്യമുണ്ടെന്ന് പറഞ്ഞപ്പോൾ ഇന്ന് പാലാ ഭാഗത്തുള്ള പോളി ടെക്നിക്കിൽ പരിശോധനക്കായി വരുമ്പോൾ 7,000 രൂപ കൈക്കൂലി നൽകണമെന്ന് അറിയിച്ചു.
തുടർന്ന് പരാതിക്കാരൻ ഈ വിവരം വിജിലൻസ് കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി.ജി.വിനോദ് കുമാറിനെ അറിയിച്ചു. അദ്ദേഹഹത്തിന്റെ നിർദേശപ്രകാരം കോട്ടയം വിജിലൻസ് യൂനിറ്റ് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് വി.ആർ. രവി കുമാറിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി. ഇന്ന് ഉച്ചക്ക് 12:30 ഓടെ പാലാ പൊലീസ് സ്റ്റേഷന് സമീപം വച്ച് ഡപ്യൂട്ടി ഇലക്ട്രിക്കൽ ഇൻസ്പെക്ടർ സുമേഷ് പരാതിക്കാരനിൽ നിന്നും 7,000 രൂപ കൈക്കൂലി വാങ്ങവെ വിജിലൻസ് സംഘം കൈയോടെ പിടികൂടി. അറസ്റ്റ് ചെയ്ത പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കുന്ന് വിജിലൻസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.