തിരുവനന്തപുരം: ജോലിക്ക് കൈക്കൂലി വാങ്ങിയ വിവാദത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്ജിന്. സെപ്തംബർ 13 ന് പരാതി ലഭിച്ചുവെന്നും അതിൽ പേഴ്സണൽ സ്റ്റാഫംഗം അഖിൽ മാത്യുവിനോട് വിശദീകരണം തേടിയെന്നും മന്ത്രി പറഞ്ഞു. അഖിൽ മാത്യുവിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും ആരോപണം അടിസ്ഥാനമില്ലാത്തതെന്നും അദ്ദേഹം വസ്തുതകൾ നിരത്തി പറഞ്ഞു. വിഷയത്തിൽ പരാതി പൊലീസിന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫീസിനെയും ഇക്കാര്യം അറിയിച്ചുവെന്നും മന്ത്രി പറഞ്ഞു. സെപ്തംബർ 20 നാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ പരാതി അറിയിച്ചതെന്നും മന്ത്രി വ്യക്തമാക്കി.
പേഴ്സണൽ സ്റ്റാഫ് അംഗത്തിന് മേൽ ചെയ്യാത്ത കുറ്റം അടിച്ചേൽപ്പിക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അതടക്കം അന്വേഷിക്കണം എന്നാണ് പൊലീസിനോട് ആവശ്യപ്പെട്ടത്. പിഎസ് നൽകിയ പരാതിയും പേഴ്സണൽ സ്റ്റാഫ് അംഗവും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. കൈക്കൂലി കൊടുക്കുന്നതും വാങ്ങുന്നതും തെറ്റാണ്. അഴിമതി വച്ചുപൊറുപ്പിക്കാനാവില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടി, അത് കിട്ടി.
ഇതിനകത്തൊരു കുറ്റകൃത്യമോ, ഗൂഢാലോചനയോ, ആരൊക്കെ അതിൽ ഉൾപ്പെട്ടുവെന്നത് സംബന്ധിച്ച് വിശദമായ അന്വേഷണം നടക്കണം. സർക്കാരിനോ വകുപ്പിനോ ഇക്കാര്യത്തിൽ രണ്ട് വശമില്ല. അഴിമതി നടക്കരുതെന്ന നിലപാട് മാത്രമേയുള്ളൂ. രേഖാമൂലം വകുപ്പിന് ലഭിച്ച പരാതി അവർ പൊലീസിന് നൽകിയോ എന്നറിയില്ല. അവരെ താൻ കണ്ടിട്ടില്ല. വകുപ്പിന് ലഭിച്ച പരാതി പൊലീസിന് കൈമാറിയിട്ടുണ്ട്. പരാതി താൻ പൂഴ്ത്തിവെച്ചിട്ടില്ല. പേഴ്സണൽ സ്റ്റാഫ് അംഗത്തോട് വിശദീകരണം തേടുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തിട്ടുണ്ട്. നിയമനടപടി സ്വീകരിക്കണമെന്നാണ് നിലപാടെന്നും മന്ത്രി പറഞ്ഞു.
സിഐടിയു ഓഫീസുമായി തട്ടിപ്പ് നടത്തിയതിന് പാർട്ടി നടപടിയെടുത്ത ആളാണ് ഇടനില നിന്നതെന്നാണ് ആരോപണം ഉയർന്നത്. ഈ വാർത്തയുമായി ബന്ധപ്പെട്ട് തന്നോട് ഒരു മാധ്യമവും പ്രതികരണം തേടിയിരുന്നില്ല. നിപ പ്രതിരോധ പ്രവർത്തനത്തിനായി കോഴിക്കോട് ഉണ്ടായിരുന്ന സമയത്താണ് പരാതി ലഭിച്ചത്. അപ്പോൾ തന്നെ നടപടിയെടുത്തുവെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.