കൈക്കൂലി കേസ്: തൃശൂരിൽ അറസ്റ്റിലായ ഡോക്ടറിന്‍റെ സ്വത്തുവിവരം ഇ.ഡി അന്വേഷിക്കും

news image
Jul 12, 2023, 2:39 am GMT+0000 payyolionline.in

തൃശൂർ: കൈക്കൂലി കേസിൽ അറസ്റ്റിലായ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗത്തിലെ ഡോക്ടറിന്‍റെ സ്വത്തുവിവരം എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷിക്കും. ഡോക്ടർ ഷെറി ഐസക്കിൽ നിന്ന് പണം പിടിച്ചെടുത്ത വിവരം വിജിലൻസ് ഇ.ഡിക്ക് കൈമാറും. അഞ്ച് ലക്ഷത്തിലധികം രൂപ പിടികൂടിയാൽ വിവരം ഇ.ഡിയെ അറിയിക്കണമെന്നാണ് ചട്ടം. അതേസമയം, കൈക്കുലി കേസിൽ വിജിലൻസ് സ്പെഷ്യൽ സെല്ലും കേസ് അന്വേഷിക്കും.

ഇന്നലെയാണ് മൂവായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തൃശൂർ ഗവ. മെഡിക്കൽ കോളജിലെ അസ്ഥിരോഗ വിഭാഗം ഡോക്ടർ ഷെറി ഐസക്ക് വിജിലൻസിന്‍റെ പിടിയിലാകുന്നത്. തുടർന്ന് ഡോക്ടർ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ നടത്തിയ പരിശോധനയിൽ 15 ലക്ഷത്തോളം രൂപ പണമായി കണ്ടെത്തി. 500, 2000, 200ന്‍റെ നോട്ടുകെട്ടുകളും രണ്ടായിരത്തിന്റെ 25 നോട്ടുകളുമാണ് വിജിലൻസ് കണ്ടെത്തിയത്.

തൃശ്ശൂർ മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിയുന്ന രോഗിയുടെ ശസ്ത്രക്രിയ നടത്തുന്നതിനാണ് പരാതിക്കാരനോട് മൂവായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടത്. പണം താൻ സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഓട്ടു പാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാനായിരുന്നു ഡോക്ടർ പറഞ്ഞത്. ശസ്ത്രക്രിയക്ക് ഡേറ്റ് നൽകാതെ നിരവധി തവണ രോഗിയുടെ കുടുംബത്തെ കൈക്കൂലി ലഭിക്കുന്നതിനായി ഷെറി ഐസക്ക് ശല്യപ്പെടുത്തിയെന്നാണ് ആക്ഷേപം.

ഒടുവിലാണ് പരാതിക്കാരൻ വിജിലൻസിനെ സമീപിച്ചത്. രേഖാമൂലം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് വിജിലൻസ് കൊടുത്തയച്ചു. ഓട്ടുപാറയിലുള്ള ക്ലിനിക്കിലെത്തിയ പരാതിക്കാരൻ ഡോ. ഷെറി ഐസകിന് കൈക്കൂലി നൽകിയപ്പോൾ മറഞ്ഞുനിന്ന വിജിലൻസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. നേരത്തെയും ഷെറി ഐസക്കിനെപ്പറ്റി കൈക്കൂലി പരാതി ഉയർന്നിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe