തിരുവനന്തപുരം: ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി പോർട്ടൽ തുടങ്ങുമെന്നും പ്രഖ്യാപിച്ച കെ.ടി. ജലീൽ, കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച വിവരങ്ങൾ ശേഖരിക്കാൻ വാട്സാപ്പ് നമ്പർ പുറത്തുവിട്ടു. പ്രസ്തുത നമ്പറിൽ കൈക്കൂലിക്കാരുടെ തസ്തികയും ഓഫിസും ഉൾപ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേൽവിലാസവും ഫോൺ നമ്പറുമടക്കം എഴുതി അയച്ചാൽ വിജിലൻസ് തരുന്ന നോട്ടുകൾ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നൽകാനുള്ള എല്ലാ മാർഗനിർദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികൾ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും ജലീൽ ഫേസ്ബുക്കിൽ വ്യക്തമാക്കി. 9895 07 3107 എന്ന നമ്പറിൽ വിവരങ്ങൾ കൈമാറാം.
ജലീൽ ഇന്ന് വൈകീട്ട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എല്ലാം വിശദമായി സംസാരിച്ചതായി അദ്ദേഹം പറഞ്ഞു. ‘അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അത്തരത്തിലുള്ള പരാതികൾ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാൻ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു’’ -ജലീൽ പറഞ്ഞു.
പി.വി. അൻവർ എം.എൽ.എയുടെ ആരോപണങ്ങൾക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടുമെന്നും അതിനായി ഒരു പോർട്ടൽ തുടങ്ങുമെന്നും കെ.ടി. ജലീൽ അറിയിച്ചത്. ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന് പ്രഖ്യാപിച്ച ജലീൽ തനിക്ക് ഒരു തരത്തിലുള്ള അധികാര പദവിയും വേണ്ടെന്നും അവസാന ശ്വാസം വരെ സി.പി.എം സഹയാത്രികനായി തുടരുമെന്നും വ്യക്തമാക്കിയിരുന്നു. എല്ലാ ഉത്തരവാദിത്തങ്ങളില്‍നിന്നും ഒഴിഞ്ഞ്, വായനയിലും എഴുത്തിലും പ്രഭാഷണത്തിലും മുഴുശ്രദ്ധയും കേന്ദ്രീകരിക്കാനുള്ള ശ്രമത്തിലാണ് താനെന്നും ജലീല്‍ സൂചിപ്പിച്ചിരുന്നു.