എറണാകുളം: കേരള സ്റ്റോറി 2 പ്രദർശനത്തിന് അനുമതി നൽകി ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. റിലീസ് തടഞ്ഞുകൊണ്ടുള്ള സിംഗിൾ ബെഞ്ചിന്റെ ഇടക്കാല ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് ഡിവിഷൻ ബെഞ്ചിന്റെ നടപടി. സിംഗിൾ ബെഞ്ചിന്റെ ഉത്തരവിനെതിരെ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ ചിത്രത്തിന്റെ നിർമാതാക്കളായി സൺഷൈൻ പ്രൊഡക്ഷൻസ് സമീപിച്ചിരുന്നു. ഈ ഹർജിയിൽ ഇന്നലെ രാത്രി വരെ വാദം നീണ്ടിരുന്നു. ഇതിലാണ് ഇപ്പോൾ ഡിവിഷൻ ബെഞ്ച് വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
സിനിമയുടെ പ്രദർശനത്തിനെതിരെ രണ്ട് പേരായിരുന്നു ഹൈക്കോടതിയെ സമീപിച്ചിരുന്നത്. ഫ്രെഡി ഫ്രാൻസിസ്, ശ്രീദേവ് നമ്പൂതിരി എന്നിവരുടെ ഹർജികളിലാണ് ജസ്റ്റിസ് ബെച്ചു കുര്യന്റെ സിംഗിൾ ബെഞ്ച് സിനിമയുടെ റിലീസ് തടഞ്ഞ് ഇടക്കാല ഉത്തവിറക്കിയിരുന്നത്. കേരള സ്റ്റോറി 2വിന് പ്രദർശനാനുമതി നൽകരുതെന്നും ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹർജി. 15 ദിവസത്തേക്കായിരുന്നു ഹൈക്കോടതിയുടെ ഇടക്കാല സ്റ്റേ. സിനിമ ഇന്ന് റിലീസ് ചെയ്യാനിരിക്കെയായിരുന്നു കോടതിയുടെ ഇടപെടൽ.
സിനിമ കേരളത്തിലെ മതസൗഹാർദത്തിനെ അസ്വസ്ഥതപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു സിംഗിൾ ബെഞ്ച് കോടതി റിലീസ് തടഞ്ഞത്. എന്നാൽ, സിനിമയുടെ റിലീസ് സ്റ്റേ ചെയ്തതിനെതിരെ നിർമാതാവ് വിപുൽ അമൃത് ഷാ നൽകിയ അപ്പീലിൽ ഇന്നലെ രാത്രി തന്നെ പ്രത്യേക സിറ്റിങ്ങിൽ ജസ്റ്റിസ് സുശ്രുത് അരവിന്ദ് ധർമാധികാരി, ജസ്റ്റിസ് പി വി ബാലകൃഷ്ണൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് പരിഗണിച്ചു. രാത്രി 7.30ന് ആരംഭിച്ച പ്രത്യേക സിറ്റിങ് 9.45നാണ് അവസാനിച്ചത്. വിധി ഇന്നേക്ക് പറയാൻ മാറ്റിവെക്കുകയായിരുന്നു.
വസ്തുതാവിരുദ്ധമായ ഉള്ളടക്കത്തിന്റെയും വിദ്വേഷ പ്രചാരണം ലക്ഷ്യം വെച്ചുള്ള പ്രമേയത്തിന്റെയും പേരിൽ ഏറെ വിമർശനങ്ങൾ നേരിട്ട ചിത്രമാണ് 2024ൽ പുറത്തിറങ്ങിയ കേരള സ്റ്റോറി. സിനിമയുടെ രണ്ടാം ഭാഗമാണ് ഇപ്പോൾ റിലീസിനായി ഒരുങ്ങിയിരിക്കുന്നത്. കേരള സ്റ്റോറി 2വിന്റെ ട്രെയിലറിലെ ഒരു രംഗമാണ് വ്യാപകമായ വിമർശനങ്ങൾക്ക് വഴിവെച്ചത്.
ഹിന്ദു പെൺകുട്ടിയെ നിർബന്ധിച്ച് ബീഫ് കഴിപ്പിക്കുന്ന മുസ്ലിം കഥാപാത്രങ്ങളെയാണ് ട്രെയിലറിൽ കാണിക്കുന്നത്. ഇന്ത്യ വൈകാതെ ഇസ്ലാമിക് സ്റ്റേറ്റായി മാറുമെന്നാണ് ടീസറിലുണ്ടായിരുന്നത്. സിനിമയ്ക്ക് എതിരെ യുവജന പ്രസ്ഥാനങ്ങളും സർക്കാരും പ്രതിപക്ഷവും തുടങ്ങി മലയാളികളെല്ലാം മുന്നോട്ടുവന്നിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ സാംസ്കാരിക മണ്ഡലങ്ങളിൽ നിന്നും ചിത്രത്തിനെതിരെ വിമർശനം ശക്തമാകുന്നുണ്ട്.
