ചെന്നൈ: മന്ത്രി സെന്തിൽ ബാലാജിയെ ഇ.ഡി അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി ഡി.എം.കെ നേതാവും മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാറിന്‍റെ ഭീഷണി രാഷ്ട്രീയത്തെ ഭയമില്ലെന്ന് ഉദയനിധി പ്രതികരിച്ചു.അറസ്റ്റിനെ നിയമപരമായി നേരിടും. സെന്തിൽ ബാലാജി ചികിത്സയിലാണെന്നും ഉദയനിധി മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ന് പുലർച്ചെയാണ് തമിഴ്നാട് വൈദ്യുതി-എക്സൈസ് മന്ത്രി സെന്തിൽ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. 2011-15 കാലയളവിൽ ജയലളിത സർക്കാറിൽ ഗതാഗത മന്ത്രിയായിരുന്നപ്പോൾ മെട്രോ ട്രാൻസ്പോർട്ട് കോർപറേഷൻ നിയമനങ്ങൾക്ക് കോഴ വാങ്ങിയെന്ന് ആരോപിച്ചുള്ള കേസിലാണ് അറസ്റ്റ്.
അറസ്റ്റിന് പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് അദ്ദേഹം തളർന്നു വീഴുകയായിരുന്നു. അറസ്റ്റിന് പിന്നാലെ ഡി.എം.കെ നേതാക്കളും പ്രവർത്തകരും ആശുപത്രിയിലെത്തിയെങ്കിലും ബാലാജിയെ കാണാൻ ആരെയും അനുവദിച്ചില്ല.
ഇന്നലെ രാവിലെ മന്ത്രിയുടെ ഔദ്യോഗിക വസതിയിലും സെക്രട്ടേറിയറ്റിലെ ഓഫിസിലും സഹോദരന്റെ വീട്ടിലും അടക്കം 12 കേന്ദ്രങ്ങളിൽ ഇ.ഡി റെയ്ഡ് നടത്തിയിരുന്നു. പ്രഭാതസവാരിക്കിറങ്ങിയ മന്ത്രി റെയ്ഡ് വിവരമറിഞ്ഞ് ടാക്സി വിളിച്ച് വീട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു.