കൊച്ചി: ചെല്ലാനം സംയോജിത മത്സ്യ ബന്ധന ഗ്രാമം, നായരമ്പലം സംയോജിത മൽസ്യ ബന്ധന ഗ്രാമം എന്നീ പദ്ധതികൾക്ക് കേന്ദ്ര സർക്കാരിന്റെ ഫിഷറീസ് മന്ത്രാലയം അംഗീകാരം നൽകി. പിഎം മത്സ്യ സമ്പദ യോജന (പിഎംഎംഎസ്വൈ) പദ്ധതിയിൽ നിന്ന് സാമ്പത്തിക സഹായത്തിനായി സമർപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് അംഗീകാരം ലഭിച്ചത്. മത്സ്യത്തൊഴിലാളികൾ തിങ്ങിപ്പാർക്കുന്ന ഗ്രാമത്തിൽ വികസന പദ്ധതികൾ നടപ്പിലാക്കുക എന്നതാണ് സംയോജിത മത്സ്യ ബന്ധന ഗ്രാമം പദ്ധതിയുടെ ലക്ഷ്യം.
മത്സ്യത്തൊഴിലാളികളുടെ ഉപജീവന മാർഗ്ഗം മെച്ചപ്പെടുത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ സഹായം എന്ന നിലയ്ക്കാണ് പദ്ധതി. ചെല്ലാനം മത്സ്യഗ്രാമം പദ്ധതിക്കായി 569.97 ലക്ഷമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതമായി 311.72 ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 258.25 ലക്ഷം രൂപയും അനുവദിക്കും.
നായരമ്പലം മത്സ്യഗ്രാമത്തിന് 710.24 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതമായി 388.43 ലക്ഷം രൂപയും സംസ്ഥാന വിഹിതമായി 321.81 ലക്ഷം രൂപയും ചെലവാക്കും. ചെല്ലാനം, നായരമ്പലം ഉൾപ്പെടെ കേരത്തിൽ നിന്ന് ആകെ ഒൻപത് സംയോജിത മൽസ്യ ബന്ധന ഗ്രാമം പദ്ധതികൾക്കാണ് കേന്ദ്ര മന്ത്രാലയത്തിന്റെ അംഗീകാരം ലഭിച്ചിട്ടുള്ളത്.കേന്ദ്രസർക്കാർ ഫണ്ട് വിനിയോഗത്തിലൂടെ ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങളായി വികസിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. സംയോജിത മത്സ്യബന്ധന ഗ്രാമ വികസന പദ്ധതികൾക്ക് ചെലവിടാൻ കഴിയുന്ന പരമാവധി തുക 7.5 കോടിയാണ്. അതിൽ 60% കേന്ദ്രത്തിൽ നിന്നുള്ള സഹായമായി അനുവദിക്കും ബാക്കി സംസ്ഥാന സർക്കാർ വഹിക്കണം.