തിരുവനന്തപുരം: കെ സുധാകരനെതിരെ പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ എത്തുമ്പോൾ തള്ളിപ്പോകുമെന്ന് കോൺഗ്രസ് നേതാവ് എകെ ആന്റണി. അന്ന് പിണറായിയും ഗോവിന്ദൻ മാഷും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും ആന്റണി പറഞ്ഞു. പൊലീസ് കേസെടുത്താൽ തീരുമാനമെടുക്കുന്നത് പൊലീസല്ല, കോടതിയാണ്. കേസ് പൊലീസിന്റെ ഭാഗം മാത്രമാണ്. എന്നാൽ കോടതിയിൽ വരുമ്പോൾ രണ്ടു ഭാഗം വരും. ക്രോസ് വിസ്താരം നടക്കും. പൊലീസ് കെട്ടിച്ചമച്ച കേസ് കോടതിയിൽ വരുമ്പോൾ തള്ളിപ്പോവും. അന്ന് ഗോവിന്ദൻ മാഷും പിണറായിയും വല്ലാതെ കഷ്ടപ്പെടേണ്ടി വരുമെന്നും എകെ ആന്റണി കൂട്ടിച്ചേർത്തു.
മോന്‍സനുമായി ബന്ധപ്പെട്ട വഞ്ചനക്കേസില്‍ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ട കെസുധാകരന് പൂര്‍ണ പിന്തുണയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ രംഗത്തെത്തി. കെപിസിസി പ്രസിഡന്‍റിനെതിരെ വ്യാജ കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യുന്നു. അഴിമതിയിൽ മുങ്ങി ചെളിയിൽ പുരണ്ടു നിൽക്കുകയാണ് പിണറായി സര്‍ക്കാര്‍. അത് ഞങ്ങളുടെ മേല്‍ തെറിപ്പിക്കാന്‍ നോക്കേണ്ട. സർക്കാർ നേരത്തെ മോൺസന്‍റെ ഡ്രൈവരെ ചോദ്യം ചെയ്തിരുന്നു. അന്ന് ഇല്ലാത്ത മൊഴിയാണ് പുതിയ ഉദോഗസ്ഥനെ നിയമിച്ചപ്പോൾ കിട്ടിയത്. പരാതിക്കാർ തെറ്റായ പശ്ചാത്തലം ഉള്ളവരാണ്. പരാതിക്കാരെ ഭീഷണിപ്പെടുത്തി തെറ്റായ മൊഴിയിൽ സുധാകരനെതിരെ കേസ് എടുത്തു. ആര് മൊഴി നൽകിയാലും കേസ് എടുക്കുമോ? സ്വപ്നസുരേഷ് നൽകിയ മൊഴിയിൽ കേസ് എടുക്കുമോയെന്നും അദ്ദേഹം ചോദിച്ചു.