തിരുവനന്തപുരം: അർദ്ധ അതിവേഗ റെയിൽപാത പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷനുമായി വീണ്ടും ചർച്ച ചെയ്യണമെന്ന് ദക്ഷിണ റെയിൽവേയോട് നിർദേശിച്ച് റെയിൽവേ ബോർഡ്. അടിയന്തര പ്രധാന്യത്തോടെ വിഷയത്തെ കാണണമെന്നും ദക്ഷിണ റെയിൽവേയുടെ അഭിപ്രായങ്ങൾ വേഗത്തിൽ അറിയിക്കണമെന്നും ബോർഡ് നിർദേശിച്ചു.
കേരള റെയിൽ ഡെവലെപ്മെന്റ് കോർപറേഷനുമായി കെ റെയിൽ സംബന്ധിച്ച വിഷയം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒക്ടോബർ 18ന് റെയിൽവേ ബോർഡ് ദക്ഷിണ റെയിൽവേ അധികൃതർക്ക് കത്തു നൽകിയിരുന്നു. ചർച്ചകൾ നടത്തിയ ദക്ഷിണ റെയിൽവേ, റെയിൽവേ ബോർഡിന് ഒക്ടോബർ 21ന് റിപ്പോർട്ട് നൽകി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പ്രശ്നങ്ങൾ സതേൺ റെയിൽവേ ചൂണ്ടിക്കാട്ടിയിരുന്നു. ഇതേത്തുടർന്നാണ് വീണ്ടും ചർച്ച നടത്താൻ റെയിൽവേ ബോർഡ് നിർദേശിച്ചത്.
റെയിൽവേ ബോർഡിന്റെ നിർദേശം പദ്ധതിക്ക് അനുകൂലമാണെന്ന് കെ റെയിൽ അധികൃതർ പറയുന്നു. തിരുവനന്തപുരം മുതൽ കാസർകോഡ് വരെയുളള അർധഅതിവേഗ റെയിൽ പദ്ധതിയുടെ വിശദമായ പദ്ധതി റിപ്പോർട്ട് 2020 ജൂൺ 17നാണ് കെ റെയിൽ റെയിൽവേ ബോർഡിന് സമർപിച്ചത്. റെയിൽവേ ഭൂമി ഏറ്റെടുക്കൽ, അലൈൻമെന്റ് തുടങ്ങിയ നിരവധി മേഖലകളിൽ പ്രശ്നങ്ങളുള്ളതായി ബോർഡ് കണ്ടെത്തി.
സോണൽ റെയിൽവേയുമായി ഇക്കാര്യം ചർച്ച ചെയ്യാന്‍ നിർദേശിച്ചു. കെ റെയിൽ ദക്ഷിണ റെയില്‍വെയുമായി ചർച്ച ചെയ്ത് വിശദമായ റിപ്പോർട്ട് വീണ്ടും സമർപിച്ചു. എന്നാൽ, ഡിപിആറിൽ സതേൺ റെയിൽവേ ഇതേവരെ തീരുമാനമെടുത്തിട്ടില്ല. സംസ്ഥാനം കേന്ദ്രത്തിൽ സമ്മർദം ശക്തമാക്കിയതിനെ തുടർന്നാണ് ബോർഡ് ഇടപെടൽ.