‘കെ എസ് ചിത്രയ്‍ക്കെതിരെ അങ്ങനെ പറഞ്ഞിട്ടില്ല’, നിയമനടപടിക്ക് മധുപാല്‍

news image
Jan 19, 2024, 2:20 pm GMT+0000 payyolionline.in

കെ എസ് ചിത്രയെ വിമര്‍ശിച്ചുവെന്ന വാര്‍ത്തയ്‍ക്കെതിരെ രൂക്ഷമായി പ്രതികരിച്ച് മധുപാല്‍. സുഹൃത്തുക്കളും മറ്റ് അഭ്യുദയകാംക്ഷികളും ഇത്തരം വാര്‍ത്തകള്‍ വിശ്വസിക്കരുത് എന്നും മധുപാല്‍ അഭ്യര്‍ഥിച്ചു. വ്യാജ പ്രചരണത്തില്‍ സംസ്ഥാന ഡിജിപിക്ക് താൻ പരാതി നല്‍കിയിട്ടുണ്ട് എന്നും മധുപാല്‍ വ്യക്തമാക്കി. അയോദ്ധ്യയില്‍ ശ്രീരാമ പ്രതിഷ്‍ഠ നടത്തുന്ന ദിവസം രാമനാപം ജപിക്കണം എന്ന് അഭ്യര്‍ഥിച്ചപ്പോള്‍ സൈബര്‍ ആക്രമണം നേരിട്ട കെ എസ് ചിത്രയ്‍ക്കെതിരെ മധുപാല്‍ രംഗത്ത് എത്തി എന്ന തരത്തിലായിരുന്നു വ്യാജ വാര്‍ത്ത.

ചില ഓണ്‍ലൈൻ മാധ്യമങ്ങളില്‍ വ്യാജ വാര്‍ത്ത പ്രചരിക്കുകയാണ് എന്ന് മധുപാല്‍ സാമൂഹ്യ മാധ്യമത്തില്‍ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി. ഗായിക ചിത്രയെ ഞാൻ വിമര്‍ശിച്ചുവെന്ന തരത്തിലാണ് പ്രചരണം. കെ എസ് ചിത്ര പാടുന്ന സിനിമയില്‍ ഞാൻ ഇനി ഉണ്ടാകില്ല എന്ന വ്യാജ പ്രചാരണമാണ് ചില പ്രത്യേക കേന്ദ്രങ്ങളില്‍ നിന്ന് ഉയര്‍ന്നുവരുന്നത്. ഒരു രാഷ്‍ട്രീയ വക്താവ് ഒരു ടിവി ചാനല്‍ ചര്‍ച്ചയില്‍ വിഷയവുമായി യാതൊരു ബന്ധമില്ലാഞ്ഞിട്ടും എന്റെ പേര് വലിച്ചിഴയ്‍ക്കുകയുണ്ടായി. ആ സമയത്ത് അവതാരക ഇടപട്ടതിനെ തുടര്‍ന്ന് പിന്നീട് പരാമര്‍ശങ്ങളുണ്ടായില്ലെന്നും മധുപാല്‍ ചൂണ്ടിക്കാട്ടുന്നു.

പിന്നീട് എനിക്ക് നേരെ വ്യാജ വാര്‍ത്തയും പ്രചരിക്കുകയായിരുന്നു. വാര്‍ത്ത നല്‍കിയ ഒരു പ്രൊഫൈലിന് എതിരെ ഞാൻ ബഹുമാനപ്പെട്ട ഡിജിപിക്ക് ഒരു പരാതി നല്‍കിയിട്ടുണ്ട്. ചലച്ചിത്ര പ്രവര്‍ത്തകൻ എന്ന നിലയില്‍ തനിക്ക് ചിത്രയുമായുള്ള ബന്ധം വലുതാണ്. ഒരു ഗായികയായ ചിത്രയോട് ബഹുമാനമുണ്ടെന്നും പറയുന്നു മധുപാല്‍.

ആളുകളെ ഒറ്റതിരിച്ചു ആക്രമിച്ചു തകര്‍ത്തുകളയാമെന്നാണ് വ്യാജ പ്രചരണത്തിലൂടെ ഉദ്ദേശിക്കുന്നത് എന്നും മധുപാല്‍ ചൂണ്ടിക്കാട്ടി. സുഹൃത്തുക്കളും മറ്റ് അഭ്യുദയകാംക്ഷികളും വ്യാജ വാര്‍ത്ത വിശ്വസിക്കരുതെന്ന് അഭ്യര്‍ഥിക്കുന്നു. വിഷയത്തില്‍ നിയമനടപടികള്‍ സ്വീകരിക്കാൻ ഇതിനകം തന്റെ അഭിഭാഷകരെ ചുമതലപ്പെടുത്തിയിട്ടുണ്ട് എന്നും മധുപാല്‍ വ്യക്തമാക്കി. നിരവധി പേരാണ് മധുപാലിന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe