‘കെജ്രിവാളിന്‍റെ പങ്ക് മറ്റു പ്രതികളെ പോലെയല്ല’; അഴിമതിക്കേസിൽ ജാമ്യം നൽകരുതെന്ന് സി.ബി.ഐ

news image
Sep 5, 2024, 8:09 am GMT+0000 payyolionline.in

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസിൽ മറ്റു പ്രതികളുടേതു പോലെയല്ല ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ പങ്കെന്നും ജാമ്യം അനുവദിക്കരുതെന്നും സി.ബി.ഐ സുപ്രീംകോടതിയെ അറിയിച്ചു. കോടതി ജാമ്യാപേക്ഷ പരിഗണിക്കാനിരിക്കെയാണ് അന്വേഷണ ഏജൻസി സത്യവാങ്മൂലം സമർപ്പിട്ടത്. കെജ്രിവാളിന് ആവശ്യമായ വൈദ്യ സഹായം ജയിലിൽ ലഭ്യമാക്കുമെന്നും ഇതിനായി ജാമ്യം അനുവദിക്കേണ്ടതില്ലെന്നും സി.ബി.ഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

കെജ്രിവാളിനെ അറസ്റ്റ് ചെയ്തതിൽ യാതൊരു നിയമലംഘനവുമില്ല. എന്നാൽ അദ്ദേഹം ഇക്കാര്യം രാഷ്ട്രീയവൽക്കരിക്കാൻ ശ്രമിക്കുകയാണ്. കേസിൽ ഉൾപ്പെട്ട, ജാമ്യം നേടി പുറത്തുവന്ന മറ്റു പ്രതികളുടെ പങ്ക് പോലെയല്ല കെജ്രിവാളിന് അഴിമതിയിൽ ഉള്ളതെന്നും സി.ബി.ഐ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ, ബി.ആർ.എസ് നേതാവ് കെ. കവിത, എ.എ.പി കമ്യൂണിക്കേഷൻ ഇൻ ചാർജ് വിജ‍യ് നായർ എന്നിവർക്ക് കോടതി ജാമ്യം നൽകിയിരുന്നു.

ഇക്കഴിഞ്ഞ മാർച്ച് 21നാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്രിവാളിനെ അറസ്റ്റ് ചെയ്തത്. ഈ കേസിൽ ജാമ്യം നേടി പുറത്തിറങ്ങാനിരിക്കെ, ജൂൺ 26ന് സി.ബി.ഐ അഴിമതിക്കേസുമായി ബന്ധപ്പെട്ട് തിഹാർ ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ടുള്ള ജാമ്യ ഹരജി വ്യാഴാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐ സത്യവാങ്മൂലം നൽകിയത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe