കെജ്രിവാളിന്‍റെ അറസ്റ്റ്; ദില്ലിയില്‍ തെരുവുയുദ്ധം, ഇന്ത്യ മുന്നണിയും പ്രതിഷേധത്തില്‍ കൈ കോര്‍ക്കും

news image
Mar 21, 2024, 5:29 pm GMT+0000 payyolionline.in

ദില്ലി: മദ്യനയ കേസില്‍ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അറസ്റ്റിലായതിന് പിന്നാലെ ദില്ലിയിലെ തെരുവുകള്‍ യുദ്ധസമാനമാവുകയാണ്. ആം ആദ്മി പ്രവര്‍ത്തകരുടെ പ്രതിഷേധം അതിവേഗമാണ് ദില്ലിയില്‍ വ്യാപിക്കുന്നത്. ദില്ലിക്ക് പുറത്തേക്കും, രാജ്യവ്യാപകമായി തന്നെയും പ്രതിഷേധം വ്യാപിക്കാൻ ആണ് പാര്‍ട്ടിയുടെ നീക്കം.

ആം ആദ്മി പാര്‍ട്ടിക്ക് പുറമെ ഇന്ത്യ മുന്നണിയില്‍ ഉള്‍പ്പെടുന്ന കോൺഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ കൂടി പ്രതിഷേധത്തില്‍ അണിനിരക്കുന്നതോടെ കെജ്രിവാളിന്‍റെ അറസ്റ്റ് രാഷ്ട്രീയമായി വൻ കോളിളക്കമാണ് സൃഷ്ടിക്കുക. ഇത്തരത്തില്‍ വമ്പൻ പ്രതിഷേധം രാജ്യവ്യാപകമായി നടത്താനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനം. ഇക്കാര്യം എഐസിസി ജനറല്‍ സെക്രട്ടറി കെസി വോണുഗോപാല്‍ അറിയിച്ചിട്ടുണ്ട്.

നിലവില്‍ ദില്ലിയില്‍ റോഡ് തടഞ്ഞ് ആം ആദ്മി പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തുകയാണ്. ഇവരെ അറസ്റ്റ് ചെയ്ത് ബസുകളില്‍ കയറ്റി നീക്കം ചെയ്യുകയാണ് പൊലീസ്. എന്നാല്‍ വീണ്ടും വീണ്ടും പ്രവര്‍ത്തകര്‍ ഇരച്ചെത്തുന്ന കാഴ്ചയാണ് ദില്ലിയില്‍ കാണുന്നത്. നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സംഘര്‍ഷത്തില്‍ തന്നെയാണ് ദില്ലി.

പ്രതിഷേധക്കാരെ നേരിടാൻ ജലപീരങ്കി അടക്കമുള്ള സന്നാഹങ്ങളോടെയാണ് പൊലീസ് നിലയുറപ്പിച്ചിരിക്കുന്നത്. നഗരമാകെ സുരക്ഷാവലയത്തിലായിരിക്കുകയാണ്. ഗതാഗതക്കുരുക്കും രൂക്ഷമാണ്. ഇഡി ആസ്ഥാനത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe