കെഎസ്ആർടിസി ആസ്തികൾ മൂല്യനിർണയം നടത്തണം: ഹൈക്കോടതി

news image
Aug 26, 2023, 11:01 am GMT+0000 payyolionline.in

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ആസ്തികൾ മൂല്യനിർണയം നടത്താൻ ഹൈക്കോടതി ഉത്തരവ്. സ്വകാര്യ ഏജൻസിയെ ഉപയോഗിച്ച് മൂല്യനിർണയം നടത്തി ഒരു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനും കോടതി നിർദ്ദേശിച്ചു. വായ്പക്കായി പണയം വച്ചിട്ടുള്ള ആസ്തികളുടെ വിശദാംശങ്ങളും ഇതിനൊപ്പം വേണം. കെഎസ്ആർടിസിയുടെ ആസ്തി ബാധ്യതകൾ വ്യക്തമാക്കുന്ന ബാലൻസ് ഷീറ്റ് സമർപ്പിക്കണമെന്നും ഹൈക്കോടതി പറഞ്ഞു. തൊഴിലാളികളുടെ വായ്പ തിരിച്ചടവ് മുടങ്ങിയതിനെതിരെ സൊസൈറ്റി സമർപ്പിച്ച ഹർജിയിലാണ് ഉത്തരവ്.

കൂടാതെ കെഎസ്ആര്‍ടിസിയില്‍ എല്ലാ മാസവും 10-ാം തീയതിക്കകം ശമ്പളം നൽകണമെന്നും ഹൈക്കോടതി ഉത്തരവ് പുറത്തിറക്കിയിരുന്നു. വേണ്ട സഹായം സർക്കാർ നൽകണം. സർക്കാരിന്‍റെ  സഹായം കെഎസ്ആർടിസിക്ക് നിഷേധിക്കാൻ പാടില്ല. കെഎസ്ആര്‍ടിസിയുടെ ബാധ്യതകൾ സർക്കാർ ഏറ്റെടുക്കണമെന്ന ജീവനക്കാരുടെ ആവശ്യത്തിൽ ഇടപെടാൻ ആകില്ല. കെഎസ്ആർടിസിയെ സർക്കാർ വകുപ്പാക്കണമെന്ന ജീവനക്കാരുടെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ശമ്പളം വൈകുന്നതിനെതിരായ ഹർജികൾ ഹൈക്കോടതി തീർപ്പാക്കി.

തലസ്ഥാനത്ത് കെഎസ്ആർടിസിക്ക് 113 ബസുകൾ കൂടി ലഭിക്കും. ഇതിനായി 104 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് ബസുകൾ വാങ്ങുന്നത്. യാത്രക്കാർക്ക് ബസ് സൗകര്യം എളുപ്പത്തിൽ ലഭിക്കുന്നതിന് സ്മാർട്ട് സിറ്റിയുടെ മാർഗദർശി ആപ്പ് പുറത്തിറക്കി. ഇതിലൂടെ ബസ് ട്രാക്കിങ്, അടുത്തുള്ള ബസ് സ്റ്റോപ്പുകൾ തുടങ്ങിയ കാര്യങ്ങൾ മൊബൈൽ ഫോണിൽ അറിയാനാവും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe