കോഴിക്കോട്: റോയ് തോമസ് വധക്കേസിൽ റോയിയുടെ സഹോദരി രഞ്ജി തോമസിന്റെ എതിർവിസ്താരം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ ആരംഭിച്ചു. ഒന്നാം പ്രതി ജോളിക്കായി അഡ്വ. ബി.എ. ആളൂർ ക്രോസ് വിസ്താരം നടത്തി. റോയിയുടെ മരണം ആത്മഹത്യയായിരുന്നുവെന്നും വസ്തുതർക്കം കാരണം കൊലപാതകമാക്കി ചിത്രീകരിച്ചതാണെന്നുമുള്ള വാദം രഞ്ജി നിഷേധിച്ചു.
2011ൽ നടന്ന സംഭവം 2019വരെ പരാതി നൽകാതിരിക്കാൻ കാരണം ആത്മഹത്യയാണെന്ന് ജോളി പറഞ്ഞ് വിശ്വസിപ്പിച്ചതുകൊണ്ടാണെന്നും രഞ്ജി മൊഴിനൽകി. റോയ് തോമസിന് വൈദ്യസഹായം നൽകാൻ ജോളി വേണ്ടതെല്ലാം ചെയ്തുവെന്ന വാദവും സാക്ഷി നിഷേധിച്ചു. റോയിയുടെ മരണത്തിന് പ്രത്യേകം പരാതി കൊടുക്കാതിരിക്കാൻ എന്താണ് കാരണമെന്ന ചോദ്യത്തിന് കുടുംബത്തിലെ എല്ലാ ദുരൂഹ മരണങ്ങളും അന്വേഷിക്കണമെന്നാണ് പരാതിയിൽ പറഞ്ഞതെന്ന് രഞ്ജി മൊഴിനൽകി.
രാഷ്ട്രീയമായും സാമ്പത്തികമായും സ്വാധീനിച്ചു കള്ളക്കേസ് എടുപ്പിക്കുകയായിരുന്നു എന്ന ഒന്നാം പ്രതിയുടെ ആരോപണവും രഞ്ജി നിഷേധിച്ചു. റോയിക്ക് ബിസിനസ് നടത്താനായിരുന്നില്ല പിതാവ് തന്റെ അമ്മയുടെ വസ്തു വിറ്റ് 18 ലക്ഷം നൽകിയതെന്നും പണം റോയിക്ക് വീടും സ്ഥലവും വാങ്ങാനായിരുന്നുവെന്നും സാക്ഷി മൊഴിനൽകി.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി. രഞ്ജി തോമസിന്റെ ക്രോസ് വിസ്താരം ചൊവ്വാഴ്ച തുടരും.