കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിൽ റോയ് തോമസ് വധക്കേസിൽ റോയിയുടെ സഹോദരി രഞ്ജി തോമസിന്റെ എതിർ വിസ്താരം മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എസ്.ആർ. ശ്യാംലാൽ മുമ്പാകെ പൂർത്തിയായി. മൂന്ന് ദിവസങ്ങളിലാണ് രഞ്ജി തോമസിനെ ജോളിയുടെ അഭിഭാഷകൻ ബി.എ. ആളൂർ എതിർ വിസ്താരം നടത്തിയത്.
ജോളി തന്നെ കാണിച്ച വ്യാജ ഒസ്യത്തിന്റെ കോപ്പി താൻ ഫോട്ടോ എടുത്തുവെച്ചത് അന്വേഷണ ഉദ്യോഗസ്ഥന് വാട്സ് ആപ് വഴി അയച്ചുകൊടുത്തു എന്നും പിന്നീട് അന്വേഷണ സംഘത്തിലെ സി.ഐ തന്റെ വീട്ടിലെത്തി അത് ബന്തവസ്സിൽ എടുത്തു എന്നും രഞ്ജി തോമസ് മൊഴി നൽകി.
രണ്ടാം സാക്ഷി ജോസഫ് ഹില്ലരിയോസിന്റെ എതിർ വിസ്താരവും ബുധനാഴ്ച ആരംഭിച്ചു. കോടഞ്ചേരി പൊലീസിൽ റോയിയുടെ മരണം സംബന്ധിച്ച് 2011 ൽ പരാതിയില്ല എന്ന് താൻ പറയാൻ കാരണം അന്ന് ജോളി പറഞ്ഞത് വിശ്വസിച്ചതുകൊണ്ടാണെന്ന് ജോസഫ് ഹില്ലരിയോസ് മൊഴി നൽകി.
ജോളി കുറ്റക്കാരി അല്ലെന്ന് ബോധ്യമുള്ളതു കൊണ്ടാണ് ജോളിക്ക് മുൻകൂർ ജാമ്യം കിട്ടുമോ എന്നറിയാൻ താൻ വക്കീലിനെ കാണാൻ പോയതെന്ന വാദം സാക്ഷി നിഷേധിച്ചു.
മജിസ്ട്രേറ്റ് മുമ്പാകെ രഹസ്യമൊഴി നൽകാൻ പൊലീസ് തന്നെ പഠിപ്പിച്ചു തന്നിട്ടില്ല. തനിക്കറിയാവുന്ന കാര്യങ്ങളാണ് താൻ മജിസ്ട്രേറ്റ് മുമ്പാകെ പറഞ്ഞത്. റോയ് തോമസ് മരിച്ച ദിവസം ജോളി സ്വയം കാർ ഓടിച്ചു രാത്രി പൊന്നാമറ്റം വീട്ടിലേക്ക് വന്നപ്പോൾ താൻ അവിടെ ഉണ്ടായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പിന്നീട് തനിക്ക് കിട്ടിയപ്പോൾ സയനൈഡ് ഉള്ളിൽ ചെന്നാണ് മരിച്ചത് എന്ന് തനിക്ക് മനസ്സിലായി എന്നും അക്കാര്യം ജോളിയോട് പറഞ്ഞപ്പോൾ ജോളി തന്നെ ശകാരിച്ചു എന്നും ജോസഫ് ക്രോസ് വിസ്താരത്തിൽ പറഞ്ഞു. ജോസഫിന്റെ എതിർ വിസ്താരം തിങ്കളാഴ്ച തുടരും. പ്രോസിക്യൂഷനു വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.
പ്രോസിക്യൂഷൻ ഹാജരാക്കിയ സ്വത്ത് ഭാഗം വെച്ചതു സംബന്ധിച്ച കേസിൽ ജോളി നൽകിയ പത്രികയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് കോടതി ഫയലിൽ സ്വീകരിച്ചു.