കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലയിൽപെട്ട റോയ് തോമസ് വധക്കേസിലെ രണ്ടു സാക്ഷികളുടെ വിസ്താരം ചൊവ്വാഴ്ച നടന്നു. 2018ൽ ജോളിക്കുവേണ്ടി താൻ സിവിൽ കേസിൽ ഹാജരായെന്നും അസ്സൽ ഒസ്യത്ത് തന്നെ കാണിച്ചിരുന്നില്ലെന്നും ഫോട്ടോസ്റ്റാറ്റ് മാത്രമാണ് കാണിച്ചതെന്നും 139ാം സാക്ഷി അഡ്വ. കെ.ബി. സഹസ്രനാമം മാറാട് പ്രത്യേക കോടതി ജഡ്ജി എസ്.ആർ. ശ്യാം ലാൽ മുമ്പാകെ മൊഴി നൽകി.
ജോളിയുടെ നിർദേശപ്രകാരം താൻ പത്രിക തയാറാക്കി നൽകിയെന്നും പിന്നീട് മീഡിയേഷൻ സെന്ററിൽ കേസ് ഒത്തുതീർപ്പായെന്നും ജോളി പൂർണമായി അംഗീകരിച്ചാണ് ഒത്തുതീർപ്പ് കരാറിൽ ഒപ്പിട്ടതെന്നും അഭിഭാഷകൻ മൊഴി നൽകി.
നേരത്തേ പ്രോസിക്യൂഷൻ വിസ്താരം പൂർത്തിയായ 21ാം സാക്ഷി കെമിക്കൽ എക്സാമിനർ രാജ ബെൻസിയുടെ എതിർ വിസ്താരവും പൂർത്തിയായി. പ്രതിഭാഗം അഭിഭാഷകൻ അഡ്വ. ബി.എ. ആളൂർ ആവശ്യപ്പെട്ടതിനാലാണ് നേരത്തേ ക്രോസ് വിസ്താരം മാറ്റിയിരുന്നത്. തിരുവനന്തപുരം ചീഫ് കെമിക്കൽ ലാബിൽനിന്ന് ജോ. കെമിക്കൽ എക്സാമിനറായി വിരമിച്ച താൻ കോഴിക്കോട് റീജനൽ ലാബിൽ ജോലി ചെയ്യവെ റോയ് തോമസിന്റെ ആന്തരികാവയവ ഭാഗവും മറ്റും പരിശോധിച്ചിരുന്നുവെന്ന് സാക്ഷി മൊഴി നൽകിയിരുന്നു.
ആന്തരികാവയവ ഭാഗങ്ങൾ രാസവസ്തുക്കളിൽ സൂക്ഷിക്കുന്നതിനാൽ കാലതാമസം ഏറെയുണ്ടായാലും കേട് വരില്ലെന്ന് അദ്ദേഹം എതിർ വിസ്താരത്തിൽ മൊഴി നൽകി. പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എൻ.കെ. ഉണ്ണികൃഷ്ണൻ, അഡീഷനൽ സ്പെഷൽ പ്രോസിക്യൂട്ടർ ഇ. സുഭാഷ് എന്നിവർ ഹാജരായി.