കൊട്ടാരക്കര: മുൻവൈരാഗ്യത്തിന്റെ പേരിൽ കൊട്ടാരക്കരയിൽ ഒരു കുടുംബത്തിലെ നാലുപേർക്ക് വെട്ടേറ്റ സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. പള്ളിക്കൽ ചരുവിള പുത്തൻവീട്ടിൽ മല്ലികയാണ് (60) കൊട്ടാരക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കഴിഞ്ഞ ദിവസം അടൂർ ഭാഗത്തുവെച്ച് കൊട്ടാരക്കര പൊലീസ് പിടികൂടുകയായിരുന്നു. പ്രതികളായ മറ്റ് മൂന്നുപേർ ഒളിവിലാണ്. പള്ളിക്കൽ കിഴക്കതിൽ ആർ.എസ്.എസ് ശാഖയുടെ കാര്യവാഹകായ പള്ളിക്കൽ ചരുവിള പുത്തൻവീട്ടിൽ അരുൺ (28), മാതാവ് ലത (43) പിതാവ് സത്യൻ (48), അരുണിന്റെ ഭാര്യ അമൃത (23) എന്നിവരെയാണ് വെട്ടിപ്പരിക്കേൽപിച്ചത്. ഞായറാഴ്ച രാവിലെ 9.30നായിരുന്നു സംഭവം.
2023ൽ അരുണിന്റെ പിതാവ് സത്യനുമായി ക്ഷേത്രത്തിൽ വച്ചുണ്ടായ തർക്കമായിരുന്നു ആക്രമണത്തിന് കാരണം. പിടിയിലായ മല്ലികയാണ് കൂർത്ത കല്ലുപയോഗിച്ച് ലതയുടെ തലക്ക് പരിക്കേൽപിച്ചതെന്ന് പൊലീസ് പറഞ്ഞു. കഴുത്തിനും തലക്കും വെട്ടേറ്റ അരുണിന് ഗുരുതര പരിക്കുകളോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. മറ്റ് പ്രതികളെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.