കുടുംബം കടന്നുപോയത് നിരവധി പ്രതിസന്ധികളിലൂടെ; ഒപ്പം നിന്ന എല്ലാവർക്കും നന്ദിയെന്ന് അർജുന്റെ സഹോദരി അഞ്ജു

news image
Sep 26, 2024, 3:28 am GMT+0000 payyolionline.in

കോഴിക്കോട് > അർജുനെ കാണാതെയായത് മുതൽ നിരവധി പ്രതിസന്ധികളിലൂടെയാണ് കുടുംബം കടന്നുപോയതെന്ന് സഹോദരി അഞ്ജു. തുടക്കം മുതൽ നിരവധി പേർ ഒപ്പം നിന്നതായും ഈ വിഷമഘട്ടത്തിലും ചേർത്തു പിടിക്കുന്ന എല്ലാവർക്കും നന്ദി പറയുന്നതായും അഞ്ജു മാധ്യമങ്ങളോട് പറഞ്ഞു.


ഡിഎൻഎ പരിശോധന കഴിഞ്ഞ് ഉടൻ തന്നെ മൃതദേഹം എത്തിക്കാനുള്ള കാര്യങ്ങൾ കേരള സർക്കാരും കർണാടക സർക്കാരും ചെയ്യുന്നുണ്ട്. എത്രയും പെട്ടെന്ന് ഇവിടെ എത്തുമെന്നാണ് വിചാരിക്കുന്നത്. ഒരുപാട് പ്രതിസന്ധികളിലൂടെയാണ് കുടുംബം കടന്നുപോയത്. ആദ്യത്തെ രണ്ടാഴ്ചയ്ക്കു ശേഷം യാഥാർഥ്യം എല്ലാവരും അം​ഗീകരിച്ചിരുന്നു. ആദ്യം മുതൽ ഇതുവരെ കൂടെ നിന്ന എല്ലാവരെയും ഈ അവസരത്തിൽ ഓർക്കാനുണ്ട്. കേരള സർക്കാരും ജനപ്രതിനിധികളും ഒപ്പം നിന്നു. വീട്ടിൽ സന്ദർശിച്ച് ആശ്വസിപ്പിക്കുകയും ചേർത്തുപിടിക്കുകയും ചെയ്തു. രാഘവൻ എംപി, കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ, ഈശ്വർ മൽപെ, രഞ്ജിത്ത് അടക്കമുള്ളവരെയും ഓർക്കുന്നു. ഡ്രഡ്ജിങ് നടത്താനുള്ള കാര്യത്തിൽ കേരള സർക്കാരടക്കം ഇടപെട്ടിട്ടുണ്ട്. കൃഷ്ണ തകർന്നുപോയപ്പോൾ അവളെ ചേർത്തു നിർത്തിയതും ജോലി നൽകിയതുമെല്ലാം കേരള സർക്കാരാണ്. കർണാടക സർക്കാരിനും കൂടെ നിന്ന മാധ്യമങ്ങൾക്കും നന്ദി. ഞങ്ങളുടെ കൂടെ നിരവധി ആളുകളാണ് ഒപ്പം നിന്നത്. മനാഫിക്കയും ലോറി ഉടമ മുബീനും ഒരുപാട് സഹായിച്ചു. സ്വന്തം നിലയിൽ ഒരുപാട് കാര്യങ്ങൾ ചെയ്തു. അതിനിടയിലും നമ്മുടെ അവസ്ഥയെ മുതലെടുത്ത ഒരുപാട് യൂട്യൂബ് ചാനലുകളുമുണ്ട്. പക്ഷേ കുടുംബം ഒറ്റക്കെട്ടായി നിന്നു. അപകടം നടന്ന ദിവസം മുതൽ തന്റെ ഭർത്താവ് ഷിരൂരിലുണ്ട്. എല്ലാവരുടെയും ശ്രമത്തിന്റെ ഫലമായാണ് ഇന്നലെ ഒരു ഉത്തരം ലഭിച്ചത്- അഞ്ജു പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe