തിരുവനന്തപുരം: തിരുവനന്തപുരം നാവായിക്കുളം മുതൽ വിഴിഞ്ഞം വരെയുള്ള ഔട്ടർ റിംഗ് റോഡിന്റെ അലൈൻമെന്റ് ഒരു പഠനവും നടത്താതെയാണ് നിശ്ചയിച്ചതെന്ന് പരാതി. നാവായിക്കുളത്ത് അഞ്ചര കിലോമീറ്റർ അലൈൻമെന്റ്, സ്വാധീനത്തിന് വഴങ്ങി മാറ്റി നിശ്ചയിച്ചെന്ന ഹർജിയിൽ പാരിസ്ഥിതിക ആഘാത പഠനം നടന്നില്ലെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി ഭൂമിയേറ്റെടുക്കൽ മരവിപ്പിച്ചു. പദ്ധതിക്കെതിരെ ഒരു ആക്ഷേപവുമില്ലെന്ന് മുഖ്യമന്ത്രി പറയുമ്പോൾ പലയിടങ്ങളിലും കുടിയൊഴിപ്പിക്കപ്പെടുന്നവർ കടുത്ത ആശങ്കയിലാണ്.
മുപ്പത് കൊല്ലത്തിലേറെയായി പുതുശ്ശേരിമുക്കിൽ കട നടത്തുകയാണ് പ്രസന്നകുമാർ. പ്രസന്നകുമാർ ആദ്യമായല്ല മഞ്ഞക്കുറ്റിയിൽ ചുറ്റിത്തിരിയുന്നത്. കെ-റെയിൽ സർവേയിൽ പത്ത് സെന്റ് സ്ഥലം പെട്ടു. അതിലെ പൊല്ലാപ്പ് ഒന്നടങ്ങിയപ്പോഴാണ് റിംഗ് റോഡ് സർവ്വേയിൽ വീടും 22 സെന്റും ഉപജീവന മാർഗമായ ഈ മാടക്കടയും നഷ്ടമാകുന്നത്.
ആകാശ സർവ്വേയിൽ നാവായിക്കുളത്ത് നിന്നും ഹംസമുക്കിലൂടെ പോകുന്ന അലൈൻമെന് പിന്നീട് പുതുശ്ശേരി മുക്ക് വഴിയാക്കിയത് റിയൽ എസ്റ്റേറ്റ് മാഫിയയ്ക്ക് വേണ്ടിയാണെന്ന് സമരക്കാർ ആരോപിക്കുന്നു. നാവായിക്കുളം മുതൽ വെളളല്ലൂർ വരെയുള്ള അഞ്ചരക്കിലോമീറ്റർ അലൈൻമെന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമര സമിതി ഹൈക്കോടതിയിൽ റിട്ട് ഹർജിയും നൽകി. പുതുശ്ശേരി മുക്ക് വഴിയുള്ള അലൈൻമെന്റിൽ പാരിസ്ഥിതിക ആഘാത പഠനമോ സാമൂഹ്യ ആഘാത പഠനമോ നടത്തിയില്ലെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് പരിഗണിച്ച് ഹൈക്കോടതി ഭൂമിയേറ്റെടുക്കലിന് അഞ്ചരക്കിലോമീറ്ററിൽ താത്കാലിക സ്റ്റേ നൽകി. കല്ലിടും മുൻപ് എല്ലാ പഠനങ്ങളും പൂർത്തിയാക്കണമെന്ന് നിയമമുള്ളപ്പോഴാണ് പാരിസ്ഥിതിക ആഘാത പഠനം ഇനി നടത്തും എന്ന് കോടതിയിൽ ദേശീയ പാത അതോറിറ്റിയുടെ വിചിത്ര വാദം ഉന്നയിച്ചത്.