‘കീർത്തന ക്വട്ടേഷൻ നൽകി; ജീവന് ഭീഷണിയായതോടെ വധിക്കാൻ തീരുമാനിച്ചു’: വടകര വധശ്രമക്കേസിൽ പ്രതി ജിനീഷിന്റെ വെളിപ്പെടുത്തൽ

news image
Sep 27, 2026, 8:56 am GMT+0000 payyolionline.in

വടകര: വടകര പോലീസ് സ്റ്റേഷൻ വളപ്പിൽ വെച്ച് എം.ഡി.എം.എ കേസ് പ്രതി കീർത്തനയ്ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘങ്ങളുടെ ഭീഷണിയെന്ന് പ്രതി ജിനീഷ്. കീർത്തന തനിക്കെതിരെ ക്വട്ടേഷൻ നൽകിയെന്നും, ഈ സംഘം തന്നെ ആക്രമിക്കാൻ ശ്രമിച്ചതിലുള്ള വൈരാഗ്യമാണ് വധശ്രമത്തിന് കാരണമായതെന്നും പ്രതി പോലീസിന് മൊഴി നൽകി.

കീർത്തനയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ കഴിഞ്ഞ ഒരു ആഴ്ചയായി കത്തിയുമായി കാത്തിരുന്നാണ് ആക്രമണം നടത്തിയതെന്ന് പെരുവണ്ണാമൂഴി സ്വദേശിയായ ജിനീഷ് സമ്മതിച്ചു. സോഷ്യൽ മീഡിയയിലൂടെ കീർത്തന തനിക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പങ്കുവെച്ചതും ആക്രമണത്തിന് പ്രകോപനമായി. ലിവിങ് ടുഗെതർ പങ്കാളികളായിരുന്ന ഇരുവരും ലഹരിക്കേസിന് പിന്നാലെ അകന്നു കഴിയുകയായിരുന്നു.

ശനിയാഴ്ച രാവിലെ ഹൈക്കോടതിയുടെ ജാമ്യവ്യവസ്ഥ പ്രകാരം വടകര പോലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തിയപ്പോഴാണ് കീർത്തനയ്ക്ക് നേരെ ആക്രമണമുണ്ടായത്. കുത്തേറ്റ കീർത്തനയെ വടകര താലൂക്ക് ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവർ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. പ്രതിക്കെതിരെ മുൻ ക്രിമിനൽ കേസുകളില്ലെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ സെപ്റ്റംബർ 5-നാണ് ഹൈക്കോടതി കീർത്തനയ്ക്ക് ജാമ്യം അനുവദിച്ചിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe