പയ്യോളി: കീഴൂരില്‍ ആളില്ലാത്ത വീട്ടില്‍ നടന്ന മോഷണത്തില്‍ നാല്‍പ്പത്തിരണ്ടായിരം രൂപ നഷ്ടപ്പെട്ടതായി പരാതി. പയ്യോളി നഗരസഭാ കൌണ്‍സിലര്‍ സി.കെ. ഷഹാനാസിന്റെ തുറശ്ശേരി പാലത്തിന് സമീപത്തെ ചെന്നക്കുഴി വീട്ടിലാണ് കഴിഞ്ഞ ദിവസം മോഷണം നടന്നത്. സഹോദരീ ഭര്‍ത്താവ് മരിച്ചതിനെ തുടര്‍ന്നു വീട്ടില്‍ ആളില്ലാതിരുന്ന സമയത്താണ് മോഷണമെന്ന് കരുത്തുന്നു. പിന്നീട് വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് പണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. കൌണ്‍സിലറുടെ വിദേശത്ത് നിന്നെത്തിയ മറ്റൊരു സഹോദരി ഭര്‍ത്താവിന്റെ 30,000 ഇന്ത്യന്‍ രൂപ മൂല്യം വരുന്ന 1200 യുഎഇ ദിര്‍ഹവും ഷഹനാസിന്റെ 12000/- രൂപയുമാണ് നഷ്ടപ്പെട്ടത്. പയ്യോളി പോലീസ് ഇന്‍സ്പെക്ടര്‍ എ.കെ. സജീഷ്, എസ്.ഐ. പി.റഫീഖ്, വിരലടയാള വിദഗ്ദ്ധര്‍, ഡോഗ് സ്ക്വാഡ് എന്നിവര്‍ സ്ഥലത്തെത്തി അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അതേ സമയം കൊവ്വപ്പുറം പ്രദേശത്ത് ആറ് മാസങ്ങള്‍ക്കിടയില്‍ വിവിധ തരത്തിലുള്ള മോഷണങ്ങള്‍ നടന്നതായി പറയുന്നു. ആഴ്ചകള്‍ക്ക് മുന്‍പ് പ്രദേശത്തെ മാവിലോളി ജുമാ മസ്ജിദിലെ ഉസ്താദിന്റെ 20,000/- രൂപ വില വരുന്ന ഫോണ്‍ മോഷണം പോയിരുന്നു. ഇതില്‍ പോലീസില്‍ പരാതി നല്കിയിട്ടുണ്ട്. ഇത് കൂടാതെ കൂട്ടാടത്തില്‍ ബഷീറിന്റെ 300 തേങ്ങ, മറ്റൊരു വീട്ടിലെ രണ്ട് ചാക്ക അടക്ക എന്നിവയും മോഷണം പോയിട്ടുണ്ട്. നാല് വര്‍ഷം മുന്‍പ് കീഴൂര്‍ ശിവക്ഷേത്രത്തിലെ ശാന്തി ഹരീന്ദ്രന്‍ നമ്പൂതിരിയുടെ കണ്ണില്‍ ദ്രാവകം ഒഴിച്ച് അഞ്ച് പവന്റെ മാല കവര്‍ന്ന കേസും ഇതുവരെയും തെളിഞ്ഞിട്ടില്ല. ഒന്നരവര്‍ഷം മുന്‍പ് സമീപത്തെ ആറ്റുവെപ്പില്‍ കുഞ്ഞമ്മദിന്റെ വീട്ടില്‍ നിന്ന് അഞ്ച് പവന്റെ മാലയും പിന്നീട് ശിവക്ഷേത്രത്തിന് സമീപം വടക്കയില്‍ ശശി മാസ്റ്ററുടെ വീട്ടിലും രയരോത്ത് ഗംഗാധരന്റെ വീട്ടിലും മോഷണം നടന്നിട്ടുണ്ട്. ഗംഗാധരന്റെ വീട്ടില്‍ നിന്ന് അഞ്ച് പവന്റെ മാലയും മോഷണം പോയിട്ടുണ്ട്.