കാലിലെ ബാന്റേഡ് മകൻ തിരിച്ചറിഞ്ഞു, കൊല്ലപ്പെട്ടത് സുഭദ്ര തന്നെയെന്ന് പൊലീസ്; മെഡിക്കൽ കോളേജിലേക്ക് മാറ്റി

news image
Sep 10, 2024, 1:28 pm GMT+0000 payyolionline.in

ആലപ്പുഴ: കടവന്ത്ര സ്വദേശി സുഭദ്രയുടെ തിരോധാനവുമായി ബന്ധപ്പെട്ട് ആലപ്പുഴ കലവൂരിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗങ്ങൾ കാണാതായ സുഭദ്രയുടേത് തന്നെയെന്ന് സ്ഥിരീകരിച്ച് പൊലീസ്. സുഭദ്രയുടെ മക്കളെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മക്കളായ രാധാകൃഷ്ണനും രഞ്ജിത്തുമാണ് കൊച്ചിയിൽ നിന്ന് ആലപ്പുഴയിലെത്തിയത്. തുടർന്ന് മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി. സുഭദ്രയുടെ കാലിലെ ബാന്റേഡ് ഉൾപ്പടെയാണ് ഇവർ തിരിച്ചറിഞ്ഞത്. മുട്ടുവേദനയ്ക്ക് സുഭദ്ര ബാൻ്റേഡ് ഉപയോഗിച്ചിരുന്നു.

അതേസമയം, ഈ വീട്ടിൽ താമസിച്ചിരുന്ന സുഭദ്രയുടെ സുഹൃത്ത് ശർമ്മിളയും മാത്യൂസും ഒളിവിലാണ്. സംഭവത്തിൽ ഒരാൾ പൊലീസ് കസ്റ്റഡിയിലാണ്. കലവൂരിലെ വീട്ടിൽ കസ്റ്റഡിയിലുള്ളയാൾ നൽകിയ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. അതിനിടെ, ആലപ്പുഴയിൽ വിറ്റത് 27000 രൂപയുടെ സ്വർണമാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തീർത്ഥാടന യാത്രക്കിടെയാണ് ശർമ്മിളയെ സുഭദ്ര പരിചയപ്പെട്ടതെന്നാണ് വിവരം. 73 വയസുകാരിയായ സുഭദ്ര മറ്റൊരു തീർത്ഥാടന യാത്രക്ക് വേണ്ടി ശർമ്മിളയുടെ വീട്ടിലേക്ക് പോയതാവാമെന്ന നിഗമനത്തിലാണ് പൊലീസുള്ളത്. സെപ്തംബർ നാലിന് വീട്ടിൽ നിന്ന് ഇറങ്ങിയ സുഭദ്രയെ കാണാതായതിന് പിന്നാലെ സെപ്തംബർ ഏഴിനാണ് മകൻ രാധാകൃഷ്ണൻ പൊലീസിന് പരാതി നൽകിയത്. ക്ഷേത്ര ദ‍ർശനത്തിന് പോയ അമ്മ തിരികെ വന്നില്ലെന്നാണ് പരാതി.

സുഭദ്ര ഒറ്റയ്ക്കായിരുന്നു കടവന്ത്രയിലെ വീട്ടിൽ താമസിച്ചിരുന്നതെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഇവരെ കാണാൻ ഇടയ്ക്ക് ഒരു സ്ത്രീ വന്നിരുന്നു. അവർക്കൊപ്പമാണ് കൊച്ചിയിൽ നിന്ന് പോയതെന്നും സുഭദ്രയുടെ പക്കൽ സ്വർണവും പണവും ഉണ്ടായിരുന്നുവെന്നും ബന്ധുക്കൾ വ്യക്തമാക്കി. ഇത് കവർന്ന ശേഷമുളള കൊലപാതകമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. കൊലപാതകമെന്ന് സംശയമുയർന്നതോടെ കേസ് ആലുപ്പുഴ പൊലീസിന് കൈമാറുകയായിരുന്നെന്ന് കൊച്ചി സിറ്റി പൊലീസ് വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe