കാസർകോട്: കാറഡുക്ക സൊസൈറ്റി തട്ടിപ്പില്‍ പ്രധാന പ്രതികളില്‍ മൂന്നാമന്‍ പിടിയില്‍. കോഴിക്കോട് അരക്കിണര്‍ സ്വദേശി വി. നബീല്‍ ആണ് പിടിയിലായത്. രണ്ട് കോടിയോളം രൂപ ഇയാളുടെ അക്കൗണ്ടില്‍ എത്തിയതായാണ് പൊലിസിന്റെ പ്രാഥമിക കണ്ടെത്തല്‍. ഇന്ന് രാവിലെയാണ് നബീൽ പൊലീസിന്റെ പിടിയിലാകുന്നത്. കാറഡുക്ക അഗ്രികള്‍ച്ചറിസ്റ്റ് വെല്‍ഫെയര്‍ കോ ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്ന് 4.76 കോടി രൂപ തട്ടിയെടുത്ത കേസില്‍ സൊസൈറ്റി സെക്രട്ടറി രതീശന്‍, കണ്ണൂര്‍ സ്വദേശി ജബ്ബാര്‍ എന്നിവരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് മൂന്നാമനെക്കുറിച്ച് വിവരം കിട്ടിയത്.
കോഴിക്കോട് അരക്കിണര്‍ സ്വദേശി വി നബീല്‍ ആണ് സാമ്പത്തിക ഇടപാടുകള്‍ക്ക് ഇടനിലക്കാരന്‍ എന്നാണ് മൊഴി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 34 വയസുകാരനായ നബീല്‍ പിടിയിലായത്. ആദൂര്‍ ഇന്‍സ്പെക്ടര്‍ സഞ്ജയ് കുമാറിന്‍റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ വീട്ടില്‍ നിന്നാണ് പിടികൂടിയത്. കാറഡുക്ക സൊസൈറ്റി തട്ടിപ്പിലെ രണ്ട് കോടി രൂപ ഇയാളുടെ അക്കൗണ്ടിലെത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ആദ്യം പിടിയിലായ ജബ്ബാർ വഴിയാണ് രണ്ട് കോടി രൂപ ഇയാളുടെ അക്കൗണ്ടിലെത്തിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.