പഠനത്തോടൊപ്പം കായിക മികവിനും തുല്യ പരിഗണന നൽകിക്കൊണ്ട് ചാത്തമംഗലം എൻ.ഐ.ടി. കാലിക്കറ്റ് കാമ്പസ് വൻ മാറ്റത്തിന്റെ പാതയിലാണ്. രാജ്യാന്തര നിലവാരത്തിലുള്ള സിന്തറ്റിക് ട്രാക്ക്, ഫുട്ബോൾ സ്റ്റേഡിയം, അത്യാധുനിക ഇൻഡോർ സ്പോർട്സ് കോംപ്ലക്സ് എന്നിവയടങ്ങുന്ന ബൃഹത്തായ പദ്ധതികളാണ് ഇവിടെ പുരോഗമിക്കുന്നത്. പന്ത്രണ്ടാം മൈലിലെ ഗ്രൗണ്ടിൽ 8.9 കോടി രൂപ ചെലവഴിച്ച് നിർമ്മിക്കുന്ന സിന്തറ്റിക് ട്രാക്കിന്റെയും ഫുട്ബോൾ മൈതാനത്തിന്റെയും പകുതിയിലേറെ ജോലികൾ ഇതിനോടകം പൂർത്തിയായിക്കഴിഞ്ഞു. ഹൈദരാബാദ് ആസ്ഥാനമായുള്ള ഗ്രേറ്റ് സ്പോർട്സ് ടെക് കമ്പനി ഏറ്റെടുത്തിരിക്കുന്ന ഈ നിർമാണ പ്രവർത്തനങ്ങൾക്ക് എൻ.ഐ.ടി.യിലെ എൻജിനിയറിങ് യൂണിറ്റാണ് നേരിട്ട് മേൽനോട്ടം വഹിക്കുന്നത്.
അയ്യായിരം പേരെ ഉൾക്കൊള്ളാവുന്ന ഗാലറിയും രാപ്പകൽ മത്സരങ്ങൾക്കായി സജ്ജീകരിക്കുന്ന ഫ്ളഡ്ലിറ്റ് സൗകര്യവുമാണ് ഈ സ്റ്റേഡിയത്തിന്റെ പ്രധാന ആകർഷണങ്ങൾ. ഫിഫ അംഗീകൃത നിലവാരത്തിലുള്ള ഫുട്ബോൾ ഗ്രൗണ്ടിൽ ഓട്ടോമാറ്റിക് സ്പ്രിങ്ളർ സിസ്റ്റം, വി.ഐ.പി. റൂമുകൾ, അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടർ പ്രൊഫ. പ്രസാദ് കൃഷ്ണയുടെ നേതൃത്വത്തിൽ കാമ്പസിനെ ഒരു സ്പോർട്സ് ഹബ്ബാക്കി മാറ്റാനാണ് അധികൃതർ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി ബാഡ്മിന്റൺ, വോളിബോൾ, ബാസ്കറ്റ്ബോൾ തുടങ്ങി വിവിധ ഇൻഡോർ കായിക ഇനങ്ങൾക്കായി 42.8 കോടി രൂപയുടെ സ്പോർട്സ് കോംപ്ലക്സ് നിർമാണത്തിനുള്ള ശുപാർശ കേന്ദ്രമന്ത്രാലയത്തിന് സമർപ്പിച്ചു. ഹയർ എജുക്കേഷൻ ഫിനാൻസിങ് ഏജൻസി വഴി ഫണ്ട് ലഭ്യമാകുന്നതോടെ ഈ പദ്ധതിയും യാഥാർഥ്യമാകും. ഈ വികസന പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതോടെ പ്രാദേശിക, ദേശീയ തലത്തിലുള്ള വലിയ കായിക മത്സരങ്ങൾക്ക് എൻ.ഐ.ടി. വേദിയാകുമെന്ന് ഉറപ്പാണ്.
