കോഴിക്കോട്: സുഹൃത്തിനൊപ്പം കോഴിക്കോട് കാപ്പാട് ബീച്ചില്‍ എത്തിയ പെണ്‍കുട്ടി തിരയിൽപ്പെട്ടു. കോഴിക്കോട് പുതിയറ സ്വദേശിനി ഗ്രീഷ്മ ആണ് കടലിൽ അപകടത്തില്‍പ്പെട്ടത്. ലൈഫ് ഗാര്‍ഡും നാട്ടുകാരും ചേര്‍ന്ന് രക്ഷപ്പെടുത്തിയ യുവതിയെ ആദ്യം കാപ്പാട് സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്.
കാപ്പാട് ബീച്ചില്‍ തുവ്വപ്പാറ ഭാഗത്ത് നിന്ന് ഫോണ്‍ ചെയ്യുന്നതിനിടയില്‍ കടലിലേക്ക് വീണ പെണ്‍കുട്ടി തിരയില്‍പ്പെട്ട് മുങ്ങിപ്പോവുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട പ്രദേശവാസികളും കടലിൽ കടുക്ക പറിക്കാന്‍ എത്തിയവരും ഉടന്‍ പൊലീസിനെയും ലൈഫ് ഗാര്‍ഡിനെയും വിവരമറിയിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയാണ് പെണ്‍കുട്ടിയെ കരയ്‌ക്കെത്തിച്ചത്.