തിരുവനന്തപുരം∙ ഇടത്തരം ക്ഷേത്രങ്ങളിലെ കാണിക്കയും ഭണ്ഡാരവും സംരക്ഷിക്കുന്നതിനായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രത്യേക സുരക്ഷാ നടപടികളിലേക്കു നീങ്ങുന്നു. ചെറിയ കാണിക്ക വഞ്ചികൾ നടയടച്ചാൽ ഇനി ക്ഷേത്രത്തിന്റെ ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കും.
താക്കോൽ മേൽശാന്തിമാർ കൈവശം വയ്ക്കും. ശ്രീകോവിലിൽ സൂക്ഷിക്കാൻ കഴിയാത്ത വലിയ കാണിക്കവഞ്ചികളും ഫണൽ വഞ്ചികളും നട അടയ്ക്കുമ്പോൾ അടപ്പിട്ടു പൂട്ടി, താക്കോൽ ദേവസ്വം സബ് ഗ്രൂപ്പ് ഓഫിസർമാർ മേൽശാന്തിമാരെ ഏൽപ്പിക്കും. നട തുറന്നിരിക്കുന്ന അവസരത്തിൽ കാണിക്കവഞ്ചി യഥാസ്ഥാനത്തുണ്ടെന്നും സുരക്ഷിതമാണെന്നും ഉറപ്പുവരുത്തേണ്ടതും ഉദ്യോഗസ്ഥരുടെ ചുമതലയാണ്. കാണിക്ക എണ്ണുന്നത് ദേവസ്വം വിജിലൻസിന്റെ സാന്നിധ്യത്തിൽ തീയതിയും സമയവും മുൻകൂട്ടി പ്രഖ്യാപിച്ചു കൊണ്ടാകണമെന്നും സുരക്ഷാ നിർദേശങ്ങളിൽ പറയുന്നു.