കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി, തകരപറമ്പിന് പുറകിലെ കനാലിൽ പൊങ്ങി

news image
Jul 15, 2024, 4:39 am GMT+0000 payyolionline.in
തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ  ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കിട്ടി. പഴവങ്ങാടി തകരപറമ്പ്-വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം പൊങ്ങിയത്. റെയിൽവേയുടെ ഭാഗത്തുളള കനാലിലാണ്  ജോയിയെ കാണാതായിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ഇവിടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. റെയിൽവേയുടെ ഭാഗത്ത് നിന്നും വെള്ളം ഒഴികിയെത്തുന്ന സ്ഥലത്താണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്. കാണാതായി 46 മണിക്കൂറിന് ശേഷമാണ് ജോയിയുടെ മൃതദേഹം കനാലിൽ പൊങ്ങിയത്. ജീർണിച്ച അവസ്ഥയിലാണെങ്കിലും ബന്ധുക്കളും സുഹൃത്തുക്കളും ജോയി തന്നെയെന്ന് സ്ഥിരീകരിച്ചു.

കഴിഞ്ഞ രണ്ട് ദിവസമായി ഫയർഫോഴ്സ്, എൻഡിആർഎഫ് സംഘങ്ങൾ റെയിൽവേയുടെ ഭാഗത്ത് തെരച്ചിൽ നടത്തിയിരുന്നെങ്കിലും ജോയിയെ കണ്ടെത്താനായിരുന്നില്ല. ഇന്ന് കൊച്ചിയിൽ നിന്നുളള നേവി സംഘവും സ്ഥലത്ത് തെരച്ചിലിനെത്തിയിരുന്നു. ഇന്നത്തെ തെരച്ചിൽ ആരംഭിക്കാനിരിക്കെയാണ് തകരപറമ്പ് ഭാഗത്ത് ഒരു മൃതദേഹം കനാലിൽ കണ്ടെത്തിയെന്ന വിവരം പുറത്ത് വന്നത്. ശുചീകരണ തൊഴിലാളികളാണ് ഒരു മൃതദേഹം കണ്ടുവെന്ന വിവരം പൊലീസിനെ അറിയിച്ചത്. ഉടൻ തന്നെ പൊലീസ് സംഘവും ജോയിയുടെ ബന്ധുക്കളും സ്ഥലത്തെത്തി. മൃതദേഹം ജോയിയുടേതെന്ന് സ്ഥിരീകരിക്കുകയായിരുന്നു.

തലസ്ഥാനത്തിന്‍റെ നഗരഹൃദയത്തിലൂടെ ഒഴുകുന്ന മാലിന്യ വാഹിനിയായ തോടാണ് ആമയിഴഞ്ചന്‍. ജൂലൈ 13 ന് രാവിലെ 10മണിയോടെയാണ് മാരായിമുട്ടം സ്വദേശിയായ ജോയിയും മറ്റു 3 തൊഴിലാളികളും തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനോട് ചേര്‍ന്നുള്ള ഭാഗത്ത് വൃത്തിയാക്കാനിറങ്ങിയത്. കനത്തമഴയില്‍ പെട്ടെന്നുണ്ടായ ഒഴുക്കില്‍ തോട്ടിലിറങ്ങി മാലിന്യം മാറ്റുകയായിരുന്ന ജോയിയെ കാണാതായി.രക്ഷാപ്രവര്‍ത്തകര്‍ മാലിന്യങ്ങള്‍ക്കടിയില്‍ മുങ്ങി തപ്പിയെങ്കിലും ജോയിയെ കണ്ടെത്താനായില്ല. റെയില്‍ പാളത്തിന് അടിയിലൂടെ തോട് കടന്നുപോകുന്ന  തുരങ്ക സമാനമായ സ്ഥലത്ത് മാലിന്യക്കൂമ്പാരങ്ങൾക്കിടയിൽ വളരെ പ്രയാസപ്പെട്ടാണ് സ്കൂബാ ഡൈവിംഗ് സംഘമടക്കമിറങ്ങി തെരച്ചിൽ നടത്തിയത്.  എന്നാൽ രണ്ട് ദിവസം തെരച്ചിൽ നടത്തിയിട്ടും ജോയിയെ കണ്ടെത്താനായില്ല. ഒടുവിൽ ഒന്നരകിലോമീറ്ററിനപ്പുറം കനാലിൽ ഇന്ന് രാവിലെ മൃതദേഹം പൊങ്ങുകയായിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe