കാണാതായവർക്കായി ഇന്നും തെരച്ചിൽ തുടരും; വിവിധ വകുപ്പ് മേധാവിമാർ ചേർന്നാണ് പരിശോധന, കണ്ടെത്താനുള്ളത് 152 പേരെ

news image
Aug 7, 2024, 3:42 am GMT+0000 payyolionline.in

കൽപ്പറ്റ: വയനാട് ദുരന്തത്തിന്റെ ഒൻപതാം ദിവസവും കാണാതായവർക്ക് വേണ്ടി ഉള്ള തെരച്ചിൽ തുടരും. ഇന്ന് വിവിധ വകുപ്പുകളുടെ മേധാവിമാർ ചേർന്നാണ് പരിശോധന നടത്തുക. നേരത്തെ പരിശോധന നടത്തിയ ഇടങ്ങളിൽ വീണ്ടും വിശദമായ പരിശോധന നടത്തും. സൺറൈസ് വാലിയിൽ പ്രത്യേക സംഘത്തിന്റെ പരിശോധന ഇന്നും ഉണ്ടാകും. സൂചിപ്പാറ വെള്ളച്ചാട്ടത്തിന് താഴെ ഹെലികോപ്റ്ററിൽ ഇറങ്ങിയ പ്രത്യേക സംഘം ഇന്നലെ നാലു കിലോമീറ്റർ ദൂരം പരിശോധന നടത്തിയിരുന്നു. ഇന്ന് ആറു കിലോമീറ്റർ ദൂരം പരിശോധന
നടത്താനാണ് ആലോചന.

അതേസമയം, തിരിച്ചറിയാത്ത 218 മൃതദേഹം ഇതുവരെ സംസ്കരിച്ചു. പുത്തുമലയിലെ ഈ ശ്മശാനഭൂമി പ്രത്യേക വേലി കെട്ടിത്തിരിച്ച്, സ്ഥിരം ശ്മശാനഭൂമിയാക്കും. 152 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. അതേസമയം ക്യാമ്പുകളിൽ കഴിയുന്നവർക്ക് നഷ്ടപ്പെട്ട റേഷൻ കാർഡുകൾ ഇന്ന് മുതൽ വിതരണം ചെയ്യും. ക്യാമ്പുകളിൽ കഴിയുന്നവരുടെ രക്ത സാമ്പിളുകൾ ഡിഎൻഎ പരിശോധനയുടെ ഭാഗമായി ശേഖരിക്കും. അതിനിടെ, പുത്തുമലയിൽ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. 20 സെന്റ് ഭൂമിയാണ് അധികമായി ഏറ്റെടുത്തത്. നിലവിൽ മൃതദേഹങ്ങൾ സംസ്കരിച്ചിട്ടുള്ള ഭൂമിയോട് ചേർന്നാണ് അധിക ഭൂമിയുമുള്ളത്. ഇവിടെ തിരിച്ചറിഞ്ഞിട്ടില്ലാത്തവരുടെ സംസ്കാരം ഇന്നും തുടരും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe