കാട്ടാനയെ വാഹനത്തിൽ പിന്തുടര്‍ന്ന് ഭയപ്പെടുത്തി; യുവാവിന് ഒരുലക്ഷം പിഴ ചുമത്തി വനംവകുപ്പ്

news image
Feb 17, 2024, 3:04 pm GMT+0000 payyolionline.in

കോയമ്പത്തൂര്‍: ആനമലൈ റിസര്‍വ് ഫോറസ്റ്റിനുള്ളില്‍ കാട്ടാനയെ വാഹനത്തില്‍ പിന്തുടര്‍ന്ന് ഭയപ്പെടുത്തിയെന്ന് പരാതിയില്‍ എഐഎഡിഎംകെ യുവജന സംഘടന നേതാവിനെതിരെ നടപടി സ്വീകരിച്ച് വനംവകുപ്പ്. പൊള്ളാച്ചിയിലെ എഐഎഡിഎംകെ പ്രാദേശിക നേതാവായ എം മിഥുനാണ് ആനമലൈ ടൈഗര്‍ റിസര്‍വ്വ് അധികൃതര്‍ ഒരു ലക്ഷം പിഴ ഈടാക്കിയത്.

ചൊവാഴ്ച്ച രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. നവമല മേഖലയിലെ ഫാം ഹൗസില്‍ നിന്ന് തിരികെ വരുമ്പോഴാണ് കാടിനുള്ളിലെ റോഡില്‍ നില്‍ക്കുകയായിരുന്ന കാട്ടാനയെ മിഥുന്‍ തന്റെ എസ്‌യുവിയില്‍ പിന്തുടര്‍ന്നത്. അമിതവേഗതയില്‍ വാഹനമോടിച്ച് വന്‍ ശബ്ദത്തില്‍ ഹോണ്‍ മുഴക്കിയും ഹൈ ബീം ലൈറ്റടിച്ചുമാണ് മിഥുന്‍ ആനയെ പിന്തുടര്‍ന്ന് പേടിപ്പിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വൈകുന്നേരം ആറു മണിക്ക് ശേഷം നവമല റോഡിലൂടെ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ടൈഗര്‍ റിസര്‍വിലൂടെ കടന്നു പോകുന്നതിനാലാണ് ഈ റോഡില്‍ ആറു മണിക്ക് ശേഷം വാഹനങ്ങള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുള്ളത്. ഈ നിര്‍ദേശവും ലംഘിച്ചാണ് മിഥുന്‍ നിരോധിത മേഖലയിലൂടെ രാത്രി സഞ്ചാരം നടത്തി വന്യമൃഗത്തെ പേടിപ്പിച്ചതെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

ശേഷം സംഭവത്തിന്റെ വീഡിയോ മിഥുന്‍ സോഷ്യല്‍മീഡിയകളില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു. വാഹനം കണ്ട് അസ്വസ്ഥതയോടെ വാല്‍ ആട്ടി ഓടുന്ന ആനയെ വീഡിയോയില്‍ കാണാന്‍ സാധിക്കും. എഐഎഡിഎംകെ കൊടിയുള്ള വാഹനത്തിലാണ് മിഥുന്‍ ആനയെ പിന്തുടര്‍ന്നതെന്നും വീഡിയോയില്‍ വ്യക്തമാണ്. വീഡിയോ വൈറലായതോടെ ഉത്തരവാദികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗസ്‌നേഹികള്‍ രംഗത്തെത്തുകയായിരുന്നു. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് രാത്രിയില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനമില്ലാത്ത വനത്തിനുള്ളിലെ റോഡിലൂടെയാണ് വാഹനം ഓടിച്ചതെന്ന് വ്യക്തമായത്. വാഹനത്തിലെ പാര്‍ട്ടി പതാകയും ശ്രദ്ധയില്‍പ്പെട്ടതോടെയാണ്, മിഥുനാണ് വാഹനമോടിച്ചതെന്ന് അന്വേഷണത്തില്‍ വ്യക്തമായതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe