കൊച്ചി : കാക്കനാട് കൂട്ട ആത്മഹത്യയെന്ന് സംശയം. കസ്റ്റംസ് അഡീഷണൽ കമ്മിഷണർ മനീഷ് വിജയ് (42), സഹോദരി ശാലിനി വിജയ് എന്നിവരുടെ മൃതദേഹമാണ് ഇവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്. കാക്കനാട് ഈച്ചമുക്കിലെ സെൻട്രൽ എക്സൈസ് ക്വാർട്ടേഴ്സിൽ ആണ് സംഭവം. ജാർഖണ്ഡ് സ്വദേശികളാണ് ഇവർ.
ക്വാർട്ടേഴ്സിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവർക്കൊപ്പമുണ്ടായിരുന്ന മാതാവ് ശകുന്തള അഗർവാളിന് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് വ്യക്തതയില്ല. വീടിന്റെ മുഴുവൻ ഭാഗങ്ങളും തുറന്നു പരിശോധിച്ചാൽ മാത്രമേ ഇക്കാര്യം ബോധ്യമാകൂ.
ഏതാനും ദിവസങ്ങളായി മനീഷ് വിജയ് അവധിയിലായിരുന്നു. അവധി കഴിഞ്ഞിട്ടും ഇദ്ദേഹത്തെ തിരികെ ഓഫിസിൽ ഹാജരായിരുന്നില്ല. സഹപ്രവർത്തകർ വീട്ടിലെത്തിയപ്പോൾ ദുർഗന്ധം വന്നതിനെ തുടർന്നുള്ള പരിശോധനയിലാണ് അഴുകിയ നിലയിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. വീടിന്റെ വാതിൽ തുറക്കാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തിക്കൊണ്ടിരിക്കുകയാണ്. മൃതദേഹങ്ങൾ അഴുകി പ്രദേശത്തെല്ലാം ദുർഗന്ധം വ്യാപിച്ചിട്ടുണ്ട്.
സഹപ്രവർത്തകർ വീട്ടിലെത്തി തുറന്നിട്ടിരുന്ന ജനാലയിലൂടെ നോക്കിയപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ ശാലിനിയുടെ മൃതദേഹം കാണുന്നത്. തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഇതിനിടെ മറ്റൊരു മുറിയിൽ മനീഷിന്റെ മൃതദേഹവും കണ്ടെത്തുകയായിരുന്നു. ഒന്നര കൊല്ലമായി ഈ കുടുംബം ഇവിടെ താമസിക്കാനെത്തിയത്. ഇവർക്ക് അയൽക്കാരുമായോ നാട്ടുകാരുമായോ അധികം അടുപ്പമുണ്ടായിരുന്നില്ല.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പർ – 1056, 0471- 2552056)