കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണം’; ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് മാറ്റി

news image
Feb 8, 2026, 5:46 am GMT+0000 payyolionline.in

കോഴിക്കോട് : ഗോവിന്ദപുരം സ്വദേശി യു.ദീപക് ജീവനൊടുക്കിയ സംഭവത്തിൽ പ്രതി ഷിംജിത മുസ്‌തഫയുടെ(35) ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. ഷിംജിതയ്ക്കായി കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നതിന് സമയം വേണമെന്ന് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടതിനെത്തുടർന്നാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. കഴിഞ്ഞ ദിവസം ഷിംജിതയെ കസ്റ്റഡിയിൽ വാങ്ങി പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഉന്നത ഉദ്യോഗസ്ഥരുടെ നിർദേശപ്രകാരം ചോദ്യാവലി തയാറാക്കിയാണ് ഷിംജിതയിൽ നിന്ന് ഉദ്യോഗസ്ഥർ വിവരം ശേഖരിച്ചത്. ഇക്കാര്യം കൂടി ഉൾപ്പെടുത്തി മെഡിക്കൽ കോളജ് പൊലീസ് ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് സമ‍ർപ്പിച്ചു.ദീപക്കിന്റെ മരണത്തിൽ കുടുംബം നൽകിയ പരാതിയിലാണ് ഷിംജിതയെ ആത്മഹത്യപ്രേരണ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. ദീപക് ജീവനൊടുക്കാൻ കാരണം ഷിംജിത സമൂഹമാധ്യമത്തിൽ ദൃശ്യങ്ങൾ സഹിതം ഉന്നയിച്ച ആരോപണങ്ങളാണെന്നായിരുന്നു കുടുംബത്തിന്റെ പരാതി. കുന്നമംഗലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ജാമ്യം തേടി ഷിംജിത ജില്ലാ പ്രിൻസിപ്പൽ കോടതിയെ സമീപിച്ചത്. ദീപക് ആത്മഹത്യ ചെയ്ത വിവരം പുറത്തുവന്ന ശേഷം ജനുവരി 19 ന് വൈകിട്ട് ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തി കേസ് റജിസ്റ്റർ ചെയ്തതോടെയാണ് ഷിംജിത ഒളിവിൽ പോയത്. തുടർന്ന് ഷിംജിതയെ വടകരയിലെ ബന്ധുവീട്ടിൽ നിന്ന് 21 ന് ആണ് പൊലീസ് പിടികൂടിയത്. ഷിംജിതയെ കണ്ടെത്താൻ മെഡിക്കൽ കോളജ് പൊലീസ് ലുക്ക് ഔട്ട് സർക്കുലറും പുറത്തിറക്കിയിരുന്നു. പത്തുവർഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റമാണ് ഷിംജിതയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe