ശ്രീനഗർ: ജമ്മു കശ്മീരിൽ പള്ളികളെയും അവയുടെ നടത്തിപ്പുകാരെയും കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കാനൊരുങ്ങി പൊലീസ്. ഇമാം, മുഅദ്ദിൻ, കമ്മിറ്റി അംഗങ്ങൾ, ജീവകാരുണ്യ വിഭാഗത്തിന്റെ ഭാരവാഹികൾ തുടങ്ങിയവരുടെ വിവരങ്ങളാണ് ശേഖരിക്കുന്നതെന്ന് റിപ്പോർട്ട് ചെയ്തു. പള്ളി ഏത് വിഭാഗത്തിൽപ്പെടുന്നു, എത്ര ആളുകളെ ഉൾക്കൊള്ളാനാവും, നിർമാണ ചെലവ്, മാസ ചെലവ്, സാമ്പത്തിക സ്രോതസ് എന്നിവയും പള്ളിയുമായി ബന്ധപ്പെട്ട് പ്രവർത്തകരുടെ വ്യക്തിഗത വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അവരുടെ മൊബൈൽ ഫോൺ മോഡൽ, ഐഎംഇഐ നമ്പർ, സോഷ്യൽ മീഡിയ അക്കൗണ്ട് വിവരങ്ങൾ, എടിഎം കാർഡുകൾ, റേഷൻ കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയാണ് പൊലീസ് പരിശോധിക്കുന്നത്.
നാല് പേജുകള്ള ഫോമിൽ ആദ്യ പേജിൽ പള്ളിയെ കുറിച്ചുള്ള വിവരങ്ങളും ബാക്കി മൂന്നു പേജിൽ അംഗങ്ങളുടെ വിവരങ്ങളുമാണ് നൽകേണ്ടത്. ഫോം കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്തതായി റിപ്പോർട്ടിൽ പറയുന്നു. ആദ്യമായാണ് പള്ളികളെ കുറിച്ച് ഇത്തരത്തിൽ വിശദമായ വിവരശേഖരം നടത്തുന്നത്. മുസ്ലിംകളിലെ ഏത് വിഭാഗത്തിന്റെ (ബറേൽവി, ഹനഫി, ദയൂബന്ദി…) പള്ളിയാണ് എന്നതിന് പുറമെ പള്ളിയുടെ ഘടന, എത്ര നിലകളുണ്ട്, നിർമാണ ചെലവ്, അതിന് പണം കണ്ടെത്തിയ സ്രോതസ് തുടങ്ങിയ സർവ വിവരങ്ങളും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. പള്ളി നിർമിച്ച ഭൂമി സർക്കാർ ഭൂമിയാണോ, ദാനം കിട്ടിയതാണോ തുടങ്ങിയ വിവരങ്ങളും തേടുന്നുണ്ട്.
പള്ളിയിലെ ഇമാം, മുഅദ്ദിൻ തുടങ്ങിയവരുടെ ജനന തീയതി, ഫോൺ നമ്പർ, ഇമെയിൽ അഡ്രസ്, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവയും കുടുംബ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. ഇവരുടെ പാസ്പോർട്ടിനെ കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ആവശ്യപ്പെടുന്നുണ്ട്. പാസ്പോർട്ട് നമ്പർ, പാസ്പോർട്ട് നൽകിയ തീയതി, കാലഹരണപ്പെടുന്ന തീയതി, സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം, വിദേശത്ത് താമസിക്കുന്ന ബന്ധുക്കളുടെ എണ്ണം തുടങ്ങി എല്ലാ വിവരങ്ങളും നൽകണം.
