കശ്മീരിൽ ഈദ് അവധിക്ക് നാട്ടിലെത്തിയ സൈനികനെ കാണാനില്ല; തട്ടിക്കൊണ്ടുപോയെന്ന് സംശയം

news image
Jul 30, 2023, 9:57 am GMT+0000 payyolionline.in

ശ്രീനഗർ: കശ്മീരിൽ യുവ സൈനികനെ കാണാതായി. തെക്കൻ കശ്മീരിലെ കുൽഗാം ജില്ലയിൽ, ജമ്മു കശ്മീർ ലൈറ്റ് ഇൻഫൻട്രി റെജിമെന്റിലെ റൈഫിൾമാൻ ജാവേദ് അഹമ്മദിനെയാണ് പെട്ടെന്ന് കാണാതായത്. ഈദിന് അവധിക്ക് നാട്ടിലെത്തിയതായിരുന്നു ഇയാൾ. ഇന്ന് തിരിച്ചെത്തി ഡ്യൂട്ടിയിൽ ചേരേണ്ടതായിരുന്നു. എന്നാൽ, വീട്ടിൽ നിന്ന് ഇന്നലെ വൈകിട്ട് ആറരയോടെ മാർക്കറ്റിലേക്ക് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയ സൈനികൻ പിന്നീട് തിരിച്ചെത്തിയില്ല. ആൾട്ടോ കാറിലാണ് ഇയാൾ പോയത്. രാത്രി 9 മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് വീട്ടുകാർ തിരച്ചിൽ ആരംഭിച്ചു. മാർക്കറ്റിന് സമീപത്ത് നിന്ന് കാർ കണ്ടെത്തി. കാറിൽ രക്തക്കറ കണ്ടത് അഭ്യൂഹമുണർത്തി. തുടർന്ന് കശ്മീർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും രണ്ടുപേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

സൈനികനെ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയതാണെന്ന് സംശയിക്കുന്നു. സൈനികനെ വിട്ടയക്കണമെന്നഭ്യർഥിച്ച് കുടുംബാംഗങ്ങൾ വീഡിയോ പുറത്തിറക്കി. “ദയവായി ഞങ്ങളോട് ക്ഷമിക്കൂ, എന്റെ മകനെ മോചിപ്പിക്കൂ,  അവനെ സൈന്യത്തിൽ ജോലി ചെയ്യാൻ വിടില്ല,  ദയവായി അവനെ വിട്ടയക്കുക,” – സൈനികന്റെ അമ്മ വീ‍ഡിയോയിൽ കരഞ്ഞ് പറഞ്ഞു. മകന്റെ നിയമനം ലഡാക്കിലായിരുന്നെന്ന് പിതാവ് മുഹമ്മദ് അയൂബ് വാനി പറഞ്ഞു. ഈദ് അവധിക്ക് വീട്ടിലെത്തിയ സൈനികൻ നാളെ ഡ്യൂട്ടിയിൽ ചേരേണ്ടതായിരുന്നു. ഇന്നലെ വൈകുന്നേരം മാർക്കറ്റിൽ നിന്ന് സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതായിരുന്നു. ചിലർ തടഞ്ഞുനിർത്തി തട്ടിക്കൊണ്ടുപോയി. മകനെ മോചിപ്പിക്കണമെന്ന് അപേക്ഷിക്കുകയാണെന്ന് പിതാവ് പറഞ്ഞു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe