ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഡൽഹി മുൻമന്ത്രിയും എ.എ.പി നേതാവുമായ സത്യേന്ദർ ജയിന് വിചാരണ കോടതി ജാമ്യം അനുവദിച്ചു. വിചാരണ നീണ്ടുപോകുന്ന സാഹചര്യത്തിലാണ് ജാമ്യം അനുവദിക്കുന്നതെന്ന് പ്രത്യേക ജഡ്ജി വിശാൽ ഗോഗ്നെ വ്യക്തമാക്കി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഫയൽ ചെയ്ത കേസിൽ രണ്ട് വർഷം മുമ്പാണ് ജയിൻ അറസ്റ്റിലായത്. 2023 മേയിൽ ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സ്ഥിര ജാമ്യത്തിനായുള്ള അപേക്ഷ മാർച്ചിൽ കോടതി തള്ളിയിരുന്നു.
വിവിധ കേസുകളിലായി കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്ത ശേഷം അടുത്തിടെ പുറത്തുവരുന്ന മൂന്നാമത്തെ എ.എ.പി നേതാവാണ് സത്യേന്ദർ ജയിൻ. മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിലായിരുന്ന മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ എന്നിവർ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു എ.എ.പി നേതാക്കൾ ജയിലിലടക്കപ്പെട്ടത്. ജാമ്യാപേക്ഷ ഓരോ തവണയും അന്വേഷണ ഏജൻസികൾ തള്ളിയതോടെയാണ് നേതാക്കളെ വിട്ടയക്കാൻ വൈകിയത്. സാക്ഷികളെ ജയിൻ സ്വാധീനിക്കുമെന്ന് ഇന്നും ഇ.ഡി വാദിച്ചെങ്കിലും കോടതി തള്ളി.
സത്യേന്ദർ ജയിന് ജാമ്യം നൽകിയ തീരുമാനത്തെ എ.എ.പി നേതാക്കൾ സ്വാഗതം ചെയ്തു.സത്യം മാത്രമേ ജയിക്കൂവെന്നും ഭരണഘടന നീളാൾ വാഴട്ടെയെന്നും മനീഷ് സിസോദിയ എക്സിൽ കുറിച്ചു. അടിസ്ഥാന രഹിതമായ ആരോപണത്തിന്റെ പേരിൽ ജയിന് ഏറെനാൾ ജയിൽവാസം അനുഭവിക്കേണ്ടിവന്നു. നാലുതവണ അദ്ദേഹത്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിട്ട് ഒന്നും കിട്ടിയില്ല.
എന്നിട്ടും ജയിലിലടച്ചു. സത്യത്തെയും നീതിയേയും പിന്തുണക്കുന്ന കോടതിക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സിസോദിയ പോസ്റ്റ് അവസാനിപ്പിക്കുന്നത്.