എറണാകുളം∙ കളമശ്ശേരി പോളിടെക്നിക് കോളജ് ഹോസ്റ്റലിൽ നിന്ന് കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാംപ്രതി ആകാശിന് ജാമ്യമില്ല. പരീക്ഷ എഴുതാൻ ജാമ്യം അനുവദിക്കണമെന്ന പ്രതിയുടെ ആവശ്യം ഹൈക്കോടതി തള്ളി. അന്വേഷണ ഘട്ടത്തിൽ ജാമ്യം അനുവദിക്കരുതെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. പ്രതിയുടെ ഹോസ്റ്റൽ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയതെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ആകാശിനു ജയിലിൽ പരീക്ഷ എഴുതാൻ ജില്ലാ കോടതി അനുമതി നൽകിയിരുന്നു.
മാർച്ച് 13നു രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ ഹോസ്റ്റലിൽ നിന്ന് 2 കിലോ കഞ്ചാവാണ് പൊലീസ് പിടികൂടിയത്. നാർക്കോട്ടിക് സെൽ, ഡാൻസാഫ്, തൃക്കാക്കരയിലെയും കളമശേരിയിലെയും പൊലീസ് തുടങ്ങിയവരാണ് റെയ്ഡ് നടത്തിയത്. ഒന്നാം നിലയിൽ ആകാശിന്റെ ജി–11 മുറിയിൽ നിന്ന് 1.909 കിലോഗ്രാമും രണ്ടാം നിലയിലെ എഫ്–39 മുറിയിൽനിന്ന് 9.70 ഗ്രാമും വീതമാണ് പിടിച്ചെടുത്തത്. വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ പൂർവ്വവിദ്യാർഥികളെയും പൊലീസ് അറസ്റ്റു ചെയ്തിരുന്നു.