കളമശ്ശേരിയിൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചു, ഒന്നര വർഷമായി ഒളിവിൽ, പ്രതിയെ അതിസാഹസികമായി അസമിൽ നിന്ന് പൊക്കി പൊലീസ്

news image
Jan 24, 2024, 9:54 am GMT+0000 payyolionline.in

കൊച്ചി: കളമശ്ശേരിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചശേഷം ഒന്നര വർഷമായി ഒളിവിൽ കഴിഞ്ഞയാളെ കേരള പൊലീസ് പിടികൂടി. കളമശ്ശേരി പൊലീസ് അസമിൽ നിന്നാണ് പ്രതിയെ പിടികൂടിയത്. അപ്പർ അസം ദിമാജി ജില്ലയിൽ കാലിഹമാരി ഗ്രാമത്തിൽ പുസാൻഡോ എന്ന് വിളിക്കുന്ന മഹേശ്വൻ  സൈക്കിയയെയാണ് കളമശ്ശേരി പൊലീസ് സാഹസികമായി അറസ്റ്റ് ചെയ്തത്.

 

2022 ൽ കളമശ്ശേരി ചേനക്കാല റോഡിൽ മാതാപിതാക്കളോടൊപ്പം താമസിച്ചിരുന്ന പ്രതി, സമീപത്തു താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് പീഡിപ്പിച്ചു. പ്രതി താമസിച്ചിരുന്ന വാടക വീട്ടിൽ വിളിച്ച് വരുത്തി ലൈംഗികമായി പീഡിപ്പിച്ച ശേഷം ഇയാൾ അസമിലേക്ക് കടന്നു. അരുണാചൽ പ്രദേശിനോട് ചേർന്നുള്ള ഉൾഗ്രാമത്തിൽ ഉൾഫ ബോഡോ തീവ്രവാദി ഗ്രൂപ്പുമായി ബന്ധമുള്ള ഒരു ബന്ധുവിന്‍റെ വീട്ടിൽ ഒളിച്ചു താമസിക്കുകയായിരുന്നു പ്രതി. ലോക്കൽ പൊലീസ് പോലും കടന്നുചെല്ലാൻ  മടിക്കുന്ന ഉൾ ഗ്രാമത്തിൽ നിന്നാണ് അതിസാഹസികമായി പ്രതിയെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.

 

മുൻപ്  പ്രതിയെ അന്വേഷിച്ചുപോയ പൊലീസ് ടീമിന് ലോക്കൽ പൊലീസിന്റെ  പിന്തുണ ലഭിക്കാത്തതിനാൽ പ്രതിയെ കണ്ടെത്താതെ മടങ്ങേണ്ടിവന്നിരുന്നു. പ്രതിയെ പിടികൂടാൻ  കഴിയാത്ത സാഹചര്യത്തിൽ കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശ പ്രകാരം രൂപീകരിച്ച പ്രത്യേക സംഘത്തിലെ അംഗങ്ങൾ ഈ മാസം ഒൻപതിനാണ് പ്രതിയെ തിരക്കി അസമിലേക്ക് തിരിച്ചത്. പ്രതികൂല കാലാവസ്ഥയും തണുപ്പും മൂലം ഏറെ വൈകിയാണ് പ്രതി ഒളിവിൽ കഴിയുന്ന സ്ഥലത്ത് എത്തിപ്പെടാൻ  കഴിഞ്ഞതെന്ന് പൊലീസ് പറയുന്നു. ഭാഷാപ്രശ്നം കൊണ്ടും പ്രദേശത്തിന്റെ  പ്രത്യേകതകൊണ്ടും അന്വേഷണം വഴിമുട്ടിയ സാഹചര്യത്തിൽ ദിബ്രുഗഡ് മിലിറ്ററി ഇന്‍റലിജെൻസിന്‍റെ സഹായത്താൽ ആസാമീസ് ഭാഷ അറിയാവുന്ന ദിബ്രുഗഡ് സ്വദേശിയായ ഡ്രൈവറേയും  സ്വകാര്യ വാഹനവും തരപ്പെടുത്തിയാണ് മുന്നോട്ടു പോയതെന്നും പൊലീസ് പറഞ്ഞു.

 

അറസ്റ്റ് വിവരമറിഞ്ഞ പ്രദേശവാസികൾ പിന്തുടർന്നതിനാൽ  ഉടൻ തന്നെ പ്രതിയെ  വാഹനത്തിൽ കയറ്റി എട്ടു കിലോമീറ്റർ ദൂരെയുള്ള ഗിലാമാര പൊലീസ് സ്റ്റേഷനിലേക്ക് എത്തിച്ചു. ദിമാജി ചീഫ് ജൂഡീഷ്യൽ മജിസ്ടേറ്റ് കോടതിയിൽ നിന്ന് ട്രാൻസിറ്റ് വാറണ്ട് വാങ്ങി പൊലീസ് സംഘം പ്രതിയുമായി കേരളത്തിലേക്ക് മടങ്ങി. കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിൽ കളമശ്ശേരി പൊലീസ് സ്റ്റേഷൻ  ഇൻസ്പെകർ  പ്രദീപ്കുമാർ  ജി, സബ് ഇൻസ്പെക്ടർമാരായ വിനോജ് എ, സുബൈർ  വി എ, സീനിയർ  സിവിൽ പൊലീസ് ഓഫീസർമാരായ ബിനു വി എസ്, ശ്രീജിത്ത്, സിപിഒ മാരായ മാഹിൻ  അബൂബക്കർ, അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe